കൊച്ചി ബ്ലാക്ക് മെയിൽ കേസ്: ‘വരന്‍റെ’ അച്ഛനായി അഭിനയിച്ച പ്രതി പിടിയിൽ
കൊച്ചി: നടിയെ ബ്ലാക്ക്മെയിൽ ചെയ്ത കേസിൽ ഒരു പ്രതികൂടി പിടിയിൽ. വാടാനപ്പള്ളി സ്വദേശി അബൂബക്കർ ആണ് എറണാകുളം നോർത്ത് പൊലിസിന്റെ പിടിയിലായത്. ഇയാളാണ് ദുബൈയിലുള്ള വരൻ അൻവറിന്റെ അച്ഛനെന്ന വ്യാജേന ഷംന കാസിമിന്റെ വീട്ടിലെത്തിയത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യ പ്രതികളിൽ ഒരാളായ റഫീഖിന്റെ ബന്ധുവാണ് അബൂബക്കർ. ഇതോടെ കേസിൽ പൊലീസ് പിടിയിലായവരുടെ എണ്ണം ആറായി.
ഇന്ന് രാവിലെ കോടതിയിൽ കീഴടങ്ങാനെത്തിയ തൃശൂർ സ്വദേശി അബ്ദുൾ സലാമിനെ ജില്ലാ സെഷൻസ് കോടതിയിൽ നിന്ന് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷംന കാസിമിന്റെ വീട്ടിൽ കല്യാണാലോചനയുമായി പോയ തട്ടിപ്പ് സംഘത്തിൽ അബ്ദുൾ സലാമും ഉൾപ്പെട്ടിരുന്നു. കേസിൽ സലാമിനെതിരെ അന്വേഷണം നടക്കുന്നതിനിടെയാണ് കോടതിയിൽ കീഴടങ്ങാനെത്തിയത്.അബ്ദുൾ സലാമിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കും. കേസിൽ നാല് പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂർ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്ത്, ചേറ്റുവ സ്വദേശി അഷ്റഫ് എന്നിവരാണ് നേരത്തെ പിടിയിലായത്.

