കൊവിഡ് രോഗിയുമായി സന്പർക്കം: കോഴിക്കോട് മെഡി. കോളേജിലെ 80 ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ


കോഴിക്കോട്: കൊവിഡ് രോഗിയുമായി സന്പർക്കത്തിൽ വന്നതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോഗ്യപ്രവ‍ർത്തകരെ നിരീക്ഷണത്തിലാക്കി. മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ടമെന്റുകളിലെ ആരോഗ്യപ്രവർത്തകരാണ് സ്വയം നിരീക്ഷണത്തിലുള്ളത്. 

ഇന്നലെ രോഗം സ്ഥിരീകരിച്ച മണിയൂ‍ർ സ്വദേശി ആരോഗ്യപ്രശ്നങ്ങളെ തുട‍ർന്ന് കോഴിക്കോട‌് മെഡിക്കൽ കോളേജിലെ വിവിധ ഡിപ്പാ‍ർട്ട്മെൻ്റുകളിൽ ചികിത്സ തേടിയിരുന്നു. ഇവരുമായി സന്പർക്കത്തിൽ വന്നവരാണ് ഇപ്പോൾ സ്വയം നിരീക്ഷണത്തിലായത്. ഇവരിൽ അൻപതോളം പേരുടെ സാംപിളുകൾ ഇതിനോടകം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. പ്രസവത്തെ തുട‍ർന്നുള്ള ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി എത്തിയ യുവതിയെ വിവിധ ഡിപ്പാ‍ർട്ട്മെന്റുകളിലെ ഡോക്ട‍ർമാർ പരിശോധിച്ചിരുന്നു. ഈ സ്ത്രീയുമായി സന്പ‍ർക്കത്തിൽ വന്ന മെഡ‍ിക്കൽ വിദ്യാർത്ഥികൾ അടക്കമുള്ളവരെ നിരീക്ഷണത്തിൽ വിടാനാണ് തീരുമാനം. ഈ സ്ത്രീക്ക് എവിടെനിന്നാണ് അസുഖം ബാധിച്ചതെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് ഡിഎംഒ ജയശ്രീ അറിയിച്ചു. ഇവ‍‍ർക്ക് കൊവിഡ് രോഗികളുമായി സന്പർക്കമുണ്ടായിട്ടില്ലെന്നും അവ‍ർ വ്യക്തമാക്കി. 

മെയ് 24−നാണ് യുവതിയെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ  പ്രവേശിപ്പിക്കുന്നത്. ജൂൺ രണ്ടിന് നടത്തിയ പരിശോധനയിൽ ആണ് ഇവ‍ർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 28 വയസുള്ള യുവതിക്ക് പ്രസവത്തിനിടെയുണ്ടായ ചില ആരോഗ്യപ്രശ്നങ്ങളെ തുട‍ർന്ന് സ‍ർജൻ, പീഡിയാട്രിക് സ‍ർജൻ, ന്യൂറോ വിദഗ്ദ്ധൻ, കാ‍ർഡിയോളജി ഡോക്ടർ എന്നിവരെല്ലാം ഇവരെ പരിശോധിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിലൊന്നും ഇവ‍ർക്ക് കൊവിഡ് രോഗികളുമായി സന്പ‍ർക്കമുണ്ടായിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed