മഹാരാഷ്ട്രയെ സഹായിക്കാൻ കേരളത്തിൽ നിന്ന് ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘം

തിരുവനന്തപുരം: മഹാരാഷ്ട്രയുടെ അഭ്യർത്ഥനമാനിച്ച് കൊവിഡിനെ പ്രതിരോധിക്കാൻ കേരളത്തിൽ നിന്നുള്ള ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘം ഉടൻ മുംബൈയിലെത്തും. തിങ്കളാഴച മുതൽ പല സംഘങ്ങളായാണ് ആരോഗ്യപ്രവർത്തകർ മുംബൈയിലേക്ക് തിരിക്കുക.
രോഗവ്യാപനം കൂടിയ മുംബൈയിലേക്ക് 100 നഴ്സുമാരെയും 50 സ്പെഷലിസ്റ്റ് ഡോക്ടർമാരെയും ആവശ്യപ്പെട്ട് കഴിഞ്ഞ ആഴ്ചയാണ് മഹാരാഷ്ട്ര സർക്കാർ കേരളത്തിന് കത്തെഴുതിയത്. രോഗവ്യാപനതോത് കൂടിയതോടെ സർക്കാർ മേഖലയിലെ ഡോക്ടർമാരെ അയയ്ക്കാൻ നിർവാഹമില്ലെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാൽ സ്വകാര്യമേഖലയിൽ നിന്ന് സന്നദ്ധത അറിയിച്ച് 50ലേറെ ഡോക്ടർമാരും നഴ്സുമാരും ഇതിനോടകം മുന്നോട്ട് വന്നു.
ആരോഗ്യമേഖലയിലെ വിവിധ സംഘടനകളുടെ കൂട്ടായ്മയാണ് ഇവരെ ഏകോപിപ്പിച്ച് ദൗത്യം ഏറ്റെടുക്കുന്നത്. യാത്രയ്ക്ക് മുന്നോടിയായി മുംബൈയിലെ സ്ഥിതി വിലയിരുത്താൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് സന്തോഷ് കുമാറും സഹപ്രവർത്തകൻ ഡോക്ടർ സജീഷ് ഗോപാലനും ഇന്നലെ മുംബൈയിലെത്തി.
തിരുവനന്തപുരത്ത് നിന്ന് കാസർകോടേക്ക് പോയ കൊവിഡ് ദൗത്യ സംഘത്തെ നയിച്ച അനുഭവം ഡോക്ടർ സന്തോഷ് കുമാറിനുണ്ട്. മുംബൈ മഹാലാക്ഷ്മിയിൽ 600 കിടക്കകളുള്ള ആശുപത്രി സജ്ജീകരിക്കാനാണ് മാഹാരാഷ്ട്ര സർക്കാർ നേരത്തെ ആവശ്യപ്പെട്ടിരുന്നതെങ്കിലും നിലവിൽ കൊവിഡ് ആശുപത്രിയായ സെവൻ ഹില്ലിലാണ് കേരളത്തിൽ നിന്നുള്ളവർ ആദ്യഘട്ടത്തിൽ ജോലി ചെയ്യുക.