കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും

കൊച്ചി: കുപ്രസിദ്ധ കൊലയാളി റിപ്പർ സേവ്യറിന് ജീവപര്യന്തം തടവും പിഴയും. ഒപ്പം ഉറങ്ങിക്കിടന്ന സുഹൃത്തിനെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സമാനമായ എട്ട് കേസുകളിൽ തെളിവില്ലെന്ന് കണ്ട് വിട്ടയച്ച ശേഷമാണ് ഈ കേസിൽ റിപ്പർ സേവ്യർ ശിക്ഷിക്കപ്പെട്ടത്.
എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് തേവര സ്വദേശിയായ പണിക്കർ കുഞ്ഞുമോൻ എന്ന റിപ്പർ സേവ്യറിനെ ശിക്ഷിച്ചത്. 2016 മാർച്ച് 9−ന് സുഹൃത്ത് ഉണ്ണികൃഷ്ണനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ. തന്നെ ആക്രമിച്ചത് സേവ്യറാണെന്ന് ചികിത്സയിലിരിക്കെ ഉണ്ണികൃഷ്ണൻ അടുത്ത ബന്ധുവിനോട് പറഞ്ഞിരുന്നു. ഇത് മരണമൊഴിയായി കണക്കാക്കിയാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴത്തുകയിൽ 75,000 രൂപ ഉണ്ണികൃഷ്ണൻറെ ഭാര്യക്ക് നൽകണമെന്നും കോടതി നിർദ്ദേശിച്ചു.