കുരങ്ങുപനി: വയനാട്ടിലെ പ്രതിരോധ പ്രവർത്തനങ്ങൾ ലോക്ക്ഡൗൺ മാതൃകയിൽ നടപ്പാക്കും
വയനാട് ജില്ലയിൽ കുരങ്ങുപനി വ്യാപിക്കുന്ന മേഖലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ലോക്ക്ഡൗൺ മാതൃകയിൽ നടപ്പാക്കാൻ ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം. ജില്ലയിലെ തിരുനെല്ലി പഞ്ചായത്തിലുള്ളവർക്കുമാത്രമാണ് ഇത്തവണ കരുങ്ങു പനി സ്ഥിരീകരിച്ചത്. ഈ പ്രദേശത്ത് സ്പെഷ്യൽ ആക്ഷൻ പ്ലാൻ നടപ്പാക്കാനാണ് അധികൃതർ ആലോചിക്കുന്നത്.
രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ സാഹചര്യത്തിലും ഈ മേഖലയിലുള്ളവർ വിറക്, തേൻ മുതലായവ ശേഖരിക്കുന്നതിനും മീൻ പിടിക്കുന്നതിനും കാടിനകത്തേക്ക് പോകാറുണ്ട്. ഇങ്ങനെ പോയവർക്കാണ് ഈ വർഷം കൂടുതലായും രോഗം ബാധിച്ചത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഈ മേഖലകളിൽ ആളുകളെ കാടിനുള്ളിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതെ ലോക്ക്ഡൗൺ മാതൃകയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.
തിരുനെല്ലി പഞ്ചായത്തിലെ 28 പേർക്കാണ് ഈ വർഷം കുരങ്ങുപനി സ്ഥിരീകരിച്ചത്. എല്ലാവരും ആദിവാസി വിഭാഗത്തിലുള്ളവരാണ്. ഇതിൽ നാല് പേർ രോഗബാധയേറ്റ് മരിച്ചു. ഒരാൾ ഇപ്പോൾ ചികിത്സയിലാണ്. ഇതുകൂടാതെ 12 പേർക്കുകൂടി രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

