അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ സോണിയയെയും നിമിഷയെയും തിരിച്ചറിഞ്ഞു; പാലക്കാടുകാരി മെറിനിനെ കുറിച്ച് വിവരമൊന്നുമില്ല


കൊച്ചി: അഫ്ഗാനില്‍ കീഴടങ്ങിയ ഐ.എസ്. സംഘത്തില്‍ രണ്ടു മലയാളി യുവതികളെ തിരിച്ചറിഞ്ഞെങ്കിലും എറണാകുളം സ്വദേശിനി മറിയം എന്ന മെറിന്‍ ജേക്കബ് എവിടെയെന്ന ചോദ്യം ബാക്കി. അഫ്ഗാനില്‍ സുരക്ഷ സേനയുടെ മുമ്പാകെ കീഴടങ്ങിയ 900 അംഗ സംഘത്തില്‍ തിരുവനന്തപുരം സ്വദേശിനി നിമിഷയും കാസര്‍ഗോഡ് സ്വദേശിനി അയിഷ എന്ന സോണിയയും ഉള്‍പ്പെട്ടതായി ബന്ധുക്കളും എന്‍.ഐ.എയും തിരിച്ചറിഞ്ഞത്.

എന്നാല്‍ 2016−ല്‍ ഭര്‍ത്താവ് യഹിയക്കൊപ്പം ഐ.എസ്. ക്യാമ്പിലെത്തിയ മെറിന്‍ കീഴടങ്ങിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതു സംബന്ധിച്ച് വിവരമൊന്നുമില്ല. യഹിയ നേരത്തെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പാലക്കാട് യാക്കര സ്വദേശി ബെസ്റ്റിന്‍ വിന്‍സന്റാണ് ഇസ്ലാം മതം സ്വീകരിച്ച് യഹിയ ആയത്. സ്‌കൂള്‍കാലം മുതല്‍ സഹപാഠിയായിരുന്ന ബെസ്റ്റിനുമായി മെറിന്‍ പ്രണയത്തിലായിരുന്നു.

എറണാകുളത്തെ പ്രമുഖ കോേളജിലെ പഠനശേഷം ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ മെറിന് ജോലി ലഭിച്ചു. മുംെബെയിലെ സ്വകാര്യകമ്പനിയില്‍ തൊഴില്‍ പരിശീലനത്തിനെത്തിയ മെറിന്‍ ഇസ്ലാംമതം സ്വീകരിച്ച് മറിയയായി. ബെസ്റ്റിന്‍ വിന്‍സന്റ് യഹിയയുമായി. ഇവര്‍ തമ്മില്‍ രജിസ്റ്റര്‍ വിവാഹവും നടന്നു. മകള്‍ ഇസ്‌ലാം മതം സ്വീകരിച്ചതറിഞ്ഞ മാതാപിതാക്കള്‍, 2014 ല്‍ മെറിനെ നാട്ടിലേക്കു കൊണ്ടുവന്നു. മകളുടെ മതംമാറ്റത്തെ മാതാപിതാക്കള്‍ എതിര്‍ത്തിരുന്നു. പിന്നീട് മെറിനും ഭര്‍ത്താവും ഭര്‍തൃസഹോദരന്‍ ഈസ എന്ന ബെക്‌സന്‍ വിന്‍സന്റും ഭാര്യ നിമിഷയെന്ന ഫാത്തിമയും ഉള്‍പ്പെടെ 21 മലയാളികളെ ദുരൂഹസാഹചര്യത്തില്‍ 2016 മേയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിലാണു കാണാതാവുന്നത്. മെറിനും യഹിയയും ശ്രീലങ്കയ്ക്ക് മതപഠനത്തിന് പോയതായാണ് വീട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ ഇവരെല്ലാം ഐ.എസില്‍ ചേര്‍ന്നതായി പിന്നീട് സ്ഥിരീകരിച്ചു. ബംഗളുരു വിമാനത്താവളം വഴിയാണ് ഇറാനിലെ ടെഹ്‌റാനിലേക്കു പോയത്. അഫ്ഗാനിലെ ഐ.എസ് കേന്ദ്രങ്ങളിലേക്ക് ആളെ ചേര്‍ക്കുന്നത് ഇറാന്‍ വഴിയാണ്. പോകുമ്പോള്‍ മെറിനും നിമിഷയും ഗര്‍ഭിണികളായിരുന്നു. മെറിന്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതായി യഹിയ നാട്ടിലുള്ളവരെ അറിയിച്ചിരുന്നു. പിന്നീട് അമേരിക്കന്‍ ആക്രമണത്തില്‍ യഹിയ കൊല്ലപ്പെട്ടതായും നാട്ടില്‍ സന്ദേശമെത്തി. എന്നാല്‍ പിന്നീട് മെറിനെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. കീഴടങ്ങിയവരില്‍ നിമിഷയും സോണിയയുമുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവരുമ്പോഴും മെറിനെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed