പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിനടത്തിപ്പിന് എയർ ഇന്ത്യയുമായി ധാരണ
തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ഭൗതികശരീരം സൗജന്യമായി നാട്ടിലെത്തിക്കുന്നതിനുള്ള പദ്ധതിനടത്തിപ്പിന് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറും എയർ ഇന്ത്യ എക്സിക്യുട്ടീവ് ഡയറക്ടർ കാർഗോയുമായി ധാരണാപത്രം ഒപ്പുവച്ചു.
വിദേശരാജ്യങ്ങളിൽ മരണപ്പെട്ട് ഭൗതികശരീരം നാട്ടിലെത്തിക്കാൻ മറ്റു സഹായം ലഭ്യമാകാത്ത നിരാലംബർക്ക് ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിമാനത്താവളങ്ങളിൽ എത്തിക്കുന്ന ഭൗതികശരീരം നോർക്ക റൂട്ട്‌സിന്റെ നിലവിലുള്ള എമർജൻസി ആംബുലൻസ് സർവീസ് മുഖേന വീടുകളിൽ സൗജന്യമായി എത്തിക്കും. ഗൾഫ് രാജ്യങ്ങളിൽ മരണമടയുന്ന പ്രവാസി മലയാളികളുടെ ബന്ധുക്കൾ/സുഹൃത്തുക്കൾ എന്നിവർക്ക് പദ്ധതിയിൻകീഴിൽ അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫോറവും വിശദ വിവരങ്ങളും നോർക്ക റൂട്ട്‌സ് വെബ്‌സൈറ്റായ www.norkaroots.org−ൽ ലഭിക്കുമെന്ന് നോർക്ക റൂട്ട്‌സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു. വിവരങ്ങൾ നോർക്ക റൂട്ട്‌സ് ടോൾ ഫ്രീ നമ്പരുകളായ 1800 425 3939 (ഇന്ത്യയിൽ നിന്ന്), 00918802012345 (വിദേശത്തു നിന്ന് മിസ്‌ഡ് കോൾ സേവനം) എന്നിവയിൽ ലഭിക്കും.
തൊഴില്‍ ഉടമയുടേയോ, സ്പോണ്‍സറിന്‍റെയോ, എംബസ്സിയുടെയോ സഹായം ലഭിക്കാത്ത സാഹചര്യത്തില്‍ പ്രവാസിയുടെ ഭൗതിക ശരീരം സൗജന്യമായി നാട്ടിലെത്തിക്കാനുള്ള പദ്ധതിയിലാണ് നോര്‍ക്കയും എയര്‍ ഇന്ത്യയും ധാരണയിലെത്തിയത്. എന്നാല്‍ ഗള്‍ഫിലെ നിയമം അനുസരിച്ച് ഒരാള്‍ മരിച്ചാല്‍ തൊഴിലുടമയോ സ്പോൺസറോ ചെലവ് നൽകി തൊഴിലാളിയുടെ മൃതദേഹം നാട്ടിലെത്തിക്കണമെന്നാണ്. അതിനു കഴിയാത്ത സാമ്പത്തിക സാഹചര്യമാണെങ്കിൽ കോണ്‍സുലേറ്റില്‍ അപേക്ഷ നല്‍കിയാല്‍ മരണപ്പെട്ട വ്യക്തിയുടെ മുഴുവന്‍ ചെലവും അധികൃതര്‍ വഹിക്കുകയാണ് പതിവ് ഡെത്ത് സർട്ടിഫികറ്റ്, എംബാമിംഗ് ചാര്‍ജ്ജ് മുതല്‍, ശവപ്പെട്ടിക്കുവരെയുള്ള 3300 ദിര്‍ഹംസ് അതായത് 62,000 രൂപ നിലവില്‍ കോണ്‍സുലേറ്റ് അനുവദിക്കുന്നുണ്ട്. കൂടാതെ നോര്‍ക്ക അവകാശപ്പെടുന്നതുപോലെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ഒരു ഗതിയുമില്ലാത്തവര്‍ക്ക് മൃതദേഹത്തിനും കൂടെ പോകുന്ന യാത്രക്കാരന് നാട്ടിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് ചാര്‍ജ് അപേക്ഷ നല്‍കിയാല്‍ കോൺസുലേറ്റ് നൽകുന്നുണ്ട്.
അതുകൊണ്ടതന്നെ ഗള്‍ഫിലെ എംബസികള്‍ കൈയ്യൊഴിഞ്ഞതിന്‍റെ പേരില്‍ ഒരു മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാത്ത സാഹചര്യമില്ല, മറിച്ച് ഗള്‍ഫില്‍ മരിക്കുന്ന എല്ലാ പ്രവാസികളുടേയും മൃതദേഹം സൗജന്യമായി നാട്ടിലേക്കെത്തിക്കണമെന്നതാണ് ഗള്‍ഫ് മലയാളികളുടെ കാലങ്ങളായുള്ള ആവശ്യം.

