മഞ്ഞക്കുറ്റി നാട്ടുകാർ ഊരിക്കളഞ്ഞു, സർക്കാർ തിരിച്ചു വരില്ല; നയപ്രഖ്യാപന ചർച്ചയിൽ പാർട്ടിയെ തള്ളി ജി. സുധാകരൻ!


ഷീബ വിജയൻ

തിരുവനന്തപുരം: സാംസ്‌കാരിക നായകന്മാര്‍ക്കും സ്വന്തം പാര്‍ട്ടിയുടെ ചില നിലപാടുകള്‍ക്കുമെതിരെ നിയമസഭയില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ജി സുധാകരന്‍. കേരളത്തിലെ ബുദ്ധിജീവികളില്‍ ഭൂരിപക്ഷവും രാഷ്ട്രീയ പാര്‍ട്ടികളുടെ കാലുനക്കികളാണെന്നും എന്തെങ്കിലും കാര്യം സാധിക്കാന്‍ വേണ്ടി നടക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ചിന്തിക്കുന്നില്ല. സുകുമാർ അഴിക്കോടിനെയും സാനുമാഷിനെയും പോലുള്ള ചിന്തകർ ഇപ്പോഴുണ്ടോ എന്ന് ചോദിച്ച സുധാകരൻ, യുവാക്കളിൽ ഒരു വിഭാഗം ലഹരിക്ക് അടിമപ്പെട്ട് നശിക്കുകയാണെന്നും ഓർമ്മിപ്പിച്ചു. താൻ സംസാരിക്കാൻ എഴുന്നേറ്റപ്പോൾ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചതിനെതിരെയും സ്പീക്കറോട് അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. താൻ സ്വതന്ത്രനായ ഒരു ജനകീയ എംഎൽഎയാണെന്നും, പറയേണ്ട കാര്യങ്ങൾ ഒരുമിച്ച് പറയാൻ വാശി പിടിക്കരുതെന്നും സുധാകരൻ വ്യക്തമാക്കി. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തെ പിന്തുണച്ച അദ്ദേഹം, കെ-റെയിൽ മഞ്ഞക്കുറ്റി വിവാദത്തിൽ പാർട്ടിയെ പരോക്ഷമായി വിമർശിച്ചു. ഒരു സ്റ്റെപ്പ് മുന്നോട്ടുവെക്കുമ്പോൾ രണ്ടു സ്റ്റെപ്പ് പിന്നോട്ടു വെക്കണമെന്ന ലെനിന്റെ അടവുനയം സിപിഎം മനസ്സിലാക്കിയിരുന്നെങ്കിൽ ആ മഞ്ഞക്കുറ്റി അവർ തന്നെ ഊരുമായിരുന്നു എന്ന് സുധാകരൻ പറഞ്ഞു. ഇപ്പോൾ ആ മഞ്ഞക്കുറ്റി നാട്ടുകാർ ഊരിക്കളഞ്ഞു. സജി ചെറിയാന്റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞക്കുറ്റിയിട്ട അങ്ങനെയുള്ള സർക്കാർ അധികാരത്തിൽ തിരിച്ചു വരില്ല എന്നത് ലോകചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകവ്യാപകമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ക്ഷീണിക്കുകയാണെന്നും വെറുതെ കൂവി വിളിച്ചതുകൊണ്ട് സാമൂഹിക വ്യവസ്ഥ മാറില്ലെന്നും രക്തസാക്ഷി മണ്ഡപത്തിൽ മൂത്രമൊഴിക്കുന്നവരാണ് ഇപ്പോഴുള്ളതെന്നും സുധാകരൻ തുറന്നടിച്ചു. മുഖ്യമന്ത്രിയോട് സ്നേഹവും ബഹുമാനവും മാത്രമാണുള്ളതെന്ന് വ്യക്തമാക്കിയ സുധാകരൻ, സുസ്മേരവദനനായ മുഖ്യമന്ത്രി ഈ മഞ്ഞക്കുറ്റികളൊക്കെ കളയണമെന്നും കരിമണൽ കൊള്ളക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു.

article-image

adswsasads

You might also like

  • Lulu Exchange
  • Straight Forward

Most Viewed