വിമാന യാത്രാക്കൂലി നിയന്ത്രിക്കാൻ കേന്ദ്ര ഇടപെടൽ: 10,000 കോടിയുടെ 'ഇന്ധന വില സ്ഥിരതാ ഫണ്ട്'
ഷീബ വിജയൻ
ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധിയെ തുടർന്ന് കുതിച്ചുയരുന്ന ഏവിയേഷൻ ടർബൈൻ ഫ്യുവൽ (ATF) വിലക്കയറ്റത്തിൽ നിന്ന് വിമാന കമ്പനികൾക്കും യാത്രക്കാർക്കും ആശ്വാസമേകാൻ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ. ഇന്ധനവില ക്രമീകരിക്കുന്നതിനായി 'വിമാന ഇന്ധന വില സ്ഥിരതാ ഫണ്ട്' രൂപീകരിക്കുകയും അതിലേക്ക് 10,000 കോടി രൂപ വകയിരുത്തുകയും ചെയ്തതായി കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പശ്ചിമേഷ്യയിലെ കടുത്ത സംഘർഷങ്ങളെ തുടർന്ന് ചുരുങ്ങിയ കാലയളവിനുള്ളിൽ വിമാന ഇന്ധനവില 2.5 മടങ്ങാണ് വർദ്ധിച്ചത്.
കഴിഞ്ഞ മാർച്ചിൽ ലിറ്ററിന് 60.5 രൂപയായിരുന്ന വിമാന ഇന്ധന നിരക്ക് മേയ് മാസത്തോടെ 142 രൂപയായി കുതിച്ചുയർന്നിരുന്നു. ഇതേത്തുടർന്ന് ആഭ്യന്തര സർവീസുകൾക്കുള്ള ഇന്ധന നിരക്ക് ലിറ്ററിന് 75.6 രൂപയായി കേന്ദ്ര സർക്കാർ പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ധനവില വർദ്ധനവ് മൂലം വിമാനക്കൂലി അനിയന്ത്രിതമായി ഉയരുന്നത് തടയാനും, ആഭ്യന്തര വ്യോമയാന മേഖലയെയും സാധാരണക്കാരായ യാത്രക്കാരെയും വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് സംരക്ഷിക്കാനും കേന്ദ്രത്തിന്റെ ഈ സുപ്രധാന തീരുമാനം സഹായിക്കും.
awdsdasads

