വയനാടിന് വേണ്ടി ഫേസ്ബുക്കിൽ സഹായമഭ്യർത്ഥിച്ച് രാഹുൽ ഗാന്ധി
തിരുവനന്തപുരം: മഴക്കെടുതിയെ തുടർന്ന് വയനാട്ടിലെ ദുരിതാശ്വാസ ക്യാന്പിലുള്ളവർക്ക് തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ സഹായാഭ്യാർത്ഥനയുമായി എം.പി രാഹുൽ ഗാന്ധി. തന്‍റെ മണ്ഡലമായ വയനാട്ടിൽ പ്രളയമാണെന്നും വീട് നഷ്ടപ്പെട്ട ആയിരങ്ങളെ ദുരിതാശ്വാസ ക്യാന്പുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും ക്യാന്പുകളിലേക്ക് അടിയന്തരമായി സാധനങ്ങൾ ആവശ്യമുണ്ടെന്നും രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു.
ക്യാന്പുകളിലേക്ക് ആവശ്യമുള്ള സാധനങ്ങളുടെ പട്ടിക സഹിതമാണ് ഫേസ്ബുക്ക് പോസ്റ്റ്. സാധനങ്ങൾ എവിടെയാണ് എത്തിക്കേണ്ടതെന്നും ഉത്തരവാദത്തപ്പെട്ടവരുടെ ഫോൺ നന്പറുകളും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ദുരന്ത ബാധിതപ്രദേശങ്ങൾ സന്ദർശിക്കാൻ രാഹുൽ എത്തിയത്. കവളപ്പാറ സന്ദർശിച്ച രാഹുൽ ഇന്ന് വയനാട്ടിലെ പുത്തുമലയിലെത്തും. മണ്ഡലത്തിൽ കൂടുതൽ ദിവസം തങ്ങണമെന്ന് ആഗ്രഹമുണ്ടെന്ന് രാഹുൽ വ്യക്തമാക്കിയിരുന്നു. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ഉന്നയിച്ചതിനാൽ രാഹുൽ മടങ്ങിയേക്കും.

