ഭാര്യയുടെ കിടപ്പറദൃശ്യങ്ങൾ വിറ്റ് പണമുണ്ടാക്കി; ഭർത്താവിനെതിരെ പരാതിയുമായി യുകെ മലയാളി യുവതി
ഷീബ വിജയൻ
കൊല്ലം: കിടപ്പറദൃശ്യം പകർത്തി ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റതായ ഭാര്യയുടെ പരാതിയിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പങ്കാളികളെ കൈമാറുന്ന സംഘവുമായി ഭർത്താവിന് ബന്ധമുണ്ടെന്നാണ് യുവതി പൊലീസിനോട് വെളിപ്പെടുത്തിയത്. പങ്കാളികളെ പങ്കുവയ്ക്കുന്ന ചില അഡൽറ്റ് ഗ്രൂപ്പുകളിൽ തന്റെ ഭർത്താവ് അംഗമാണെന്നും ഭാര്യയുടെ നഗ്നദൃശ്യങ്ങൾ പങ്കുവയ്ക്കണമെന്ന് ഈ ഗ്രൂപ്പിൽ ആവശ്യപ്പെട്ടെന്നും യുവതി വ്യക്തമാക്കി. സംഭവത്തിൽ കൊട്ടിയം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പ്രതി ഒളിവിലാണ്.
കൊല്ലം ജില്ലക്കാരായ ദമ്പതികൾ യുകെയിലാണ് താമസിക്കുന്നത്. തനിക്ക് കാണാനെന്ന പേരിലാണ് ഭർത്താവ് ഭാര്യയുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങൾ നിർബന്ധിച്ച് പകർത്തിയത്. ഒരു തരത്തിലും പുറത്തേക്ക് ദൃശ്യങ്ങൾ പോകരുതെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട് ഇയാൾ ഈ ദൃശ്യങ്ങൾ വെബ്‌സൈറ്റുകൾക്ക് വിൽക്കുകയായിരുന്നു. ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിൽ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ചില സുഹൃത്തുക്കളാണ് യുവതിയെ വിവരം അറിയിച്ചത്. തുടർന്നാണ് വിദേശത്ത് നിന്നെത്തി യുവതി ഭർത്താവിനെതിരെ പോലീസിൽ പരാതി നൽകിയത്.
കൗൺസലിംഗ് നൽകി ഭർത്താവിനെ നന്നാക്കാനായിട്ടാണ് യുവതി ഇയാളെയും കൂട്ടി നാട്ടിലേക്ക് വന്നത്. എന്നാൽ കൗൺസലിംഗിന് കൊണ്ടുപോയെങ്കിലും മൂന്നാം ദിവസം ഭർത്താവ് വീണ്ടും ക്രൂരമായി മർദിച്ചതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭാഷണങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകളും യുവതി പരാതിക്കൊപ്പം പോലീസിന് ഹാജരാക്കിയിട്ടുണ്ട്.
ദൃശ്യങ്ങൾ വിൽപന നടത്തിയത് ചോദ്യം ചെയ്തപ്പോൾ ഭർത്താവിന് യാതൊരു കുറ്റബോധവും ഉണ്ടായിരുന്നില്ലെന്ന് യുവതി പറയുന്നു. ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഭർത്താവ് സാമ്പത്തിക ലാഭമുണ്ടാക്കുകയും കുട്ടികളുടെ മുന്നിൽവെച്ച് ലൈംഗിക വൈകൃതങ്ങൾ കാണിക്കുകയും ചെയ്തതായും പരാതിയിലുണ്ട്. മർദനത്തിൽ പരിക്കേറ്റ യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
adsasasads

