നെടുന്പാശേരി വിമാനത്താവളം ഞായറാഴ്ച്ച തുറന്നേക്കും
കൊച്ചി - കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച്ച വൈകുന്നേരം അടച്ച നെടുന്പാശേരി വിമാനത്താവളം നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ തുറന്നേക്കുമെന്ന് സൂചന. വിമാനത്താവളത്തില്‍ നിന്ന് വെള്ളമിറങ്ങിതുടങ്ങിയതോടെ ജീവനക്കാര്‍ ശുചീകരണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ടാക്സിബേ ഉള്‍പ്പെടയുള്ള ഭാഗങ്ങളില്‍ കയറിയ വെള്ളം പൂര്‍ണമായും ഒഴിവാക്കേണ്ടതുണ്ട്. ശക്തമായ മഴ കാരണം കുടുങ്ങിയ മൂന്ന് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ നിന്നും പോയി. ഇനി അഞ്ച് വിമാനങ്ങള്‍ കൂടി വിമാനത്താവളത്തിലുണ്ട്.
റണ്‍വെയില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് വ്യാഴാഴ്ച്ച വിമാനത്താവളം അടച്ചത്. ആദ്യം 12 മണി വരെയാണ് അടച്ചതെങ്കിലും മഴ ശക്തമായതിനെ തുടര്‍ന്ന് തുറക്കുന്നത് നീട്ടി വെക്കുകയായിരുന്നു. പെരിയാറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നില്ലെങ്കില്‍ ഞായറാഴ്ച്ച വൈകീട്ടോടെ വെള്ളം പൂര്‍ണമായും ഇറങ്ങിപോകുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഉന്നതതലയോഗം ചേര്‍ന്നാകും വിമാനത്താവളം തുറക്കുന്ന കാര്യം തീരുമാനിക്കുക. ഞായറാഴ്ച്ച മുതല്‍ കൊച്ചിയില്‍ നിന്ന് സര്‍വീസ് തുടങ്ങാമെന്ന നിലയില്‍ എയര്‍ലൈന്‍സുകള്‍ ടിക്കറ്റുകള്‍ വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്.

