ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യ: അപകടത്തെക്കുറിച്ച് ഓർമ്മയില്ലെന്ന് ഡോക്ടർമാർ
തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടറർമാർ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മർദ്ദം ഒഴിയുന്പോൾ പതിയെ ഓർത്തെടുക്കാനും കഴിഞ്ഞേക്കും.
ശ്രീറാം വെങ്കിട്ടരാമന്‍റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നുണ്ട്. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്‍റിലായിരിക്കെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്കാണ് മാറ്റിയിരുന്നത്. എന്നാൽ ആന്തരിക പരിക്കുകൾ ഇല്ലെന്നാണ് ഇപ്പോഴത്തെ കണ്ടെത്തൽ. ട്രോമാ ഐസിയുവിൽ നിന്ന് നിലവിൽ ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.
കെ.എം ബഷീർ കൊല്ലപ്പെട്ടതിനെ തുടർന്ന് റിമാന്‍റിലായ ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ദ്ധന്‍റെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നു.

