ഇടുക്കിയിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വ്യാപകം: പഴയ മൂന്നാർ വെള്ളത്തിനടിയിൽ


ഇടുക്കി: കനത്ത മഴയെത്തുടർന്ന് ഇടുക്കിയിൽ പലയിടത്തും ഉരുൾ പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായി.  മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. വൻ‍തോതിൽ കൃഷിനാശവുമുണ്ടായി. കട്ടപ്പന, മാങ്കുളം എന്നിവിടങ്ങളിൽ ഉരുൾപൊട്ടി.  മാങ്കുളത്ത് രണ്ട് വീടുകൾ തകർന്നു. കട്ടപ്പനയിൽ‍ ഒരു വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. 

ഹൈറേഞ്ച് മേഖലയിലും കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായി. ദേവികുളത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 194 മില്ലി മീറ്റർ മഴയാണ് പെയ്തത്. പീരുമേട്ടിൽ 174 മില്ലി മീറ്റർ മഴ പെയ്തു. ചെറുതോണി− നേര്യമംഗലം സംസ്ഥാന പാതയിൽ മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു. 

മഴയെത്തുടർന്ന് മൂന്നാറിലെ താഴ്ന്ന മേഖലകളെല്ലാം വെള്ളത്തിനടിയിലായി. പഴയ മൂന്നാറിലെ അന്പതോളം വീടുകൾ വെള്ളത്തിനടിയിലായി. കഴിഞ്ഞ പ്രളയത്തിൽ തകർന്ന് താൽകാലികമായി പുനർനിർമ്മിച്ച പെരിയവര പാലം തകർന്നു. മറയൂർ മേഖല പൂർണ്ണമായും ഒറ്റപ്പെട്ട നിലയിലാണ്. മൂന്നാർ ഉദുമൽപേട്ട് റോഡിൽ ഗതാഗതം പൂർണ്ണമായും തടസപ്പെട്ട നിലയിലാണ്. 

മുതിരപ്പുഴയാർ നിറഞ്ഞൊഴുകുകയാണ്. കഴിഞ്ഞ തവണയും മുതിരപ്പുഴയാറിൽ ക്രമാതീതമായി ഉയർന്നതാണ് പ്രളയത്തിനും വ്യാപക നാശനഷ്ടത്തിനും ഇടയാക്കിയത്. അതുകൊണ്ടുതന്നെ ആളുകൾ പരിഭ്രാന്തിയിലാണ്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed