കനത്ത മഴയിൽ നിലന്പൂരിൽ വെള്ളപ്പൊക്കം: വീടുകളും കെട്ടിടങ്ങളും വെള്ളത്തിൽ മുങ്ങി
മലപ്പുറം: കനത്ത മഴയെ തുടർന്ന് നിലന്പൂരിൽ വെള്ളപ്പൊക്കം. നിലന്പൂർ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തിൽ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി. നിലന്പൂർ ടൗണിലെ പ്രധാന റോഡിൽ രണ്ടാൾപ്പൊക്കത്തിലാണ് വെള്ളമുയർന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂർണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തിൽ മുങ്ങി.
ബുധനാഴ്ച രാത്രിമുതൽ നിലന്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയിൽ പലയിടത്തും ഉരുൾപൊട്ടലുമുണ്ടായി. ഇതിനെതുടർന്നാണ് നിലന്പൂരിൽ വെള്ളമുയർന്നത്. നെടുങ്കയം, മുണ്ടക്കടവ് കോളനികളിൽ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്നിരക്ഷാസേനാംഗങ്ങൾ, ട്രോമാകെയർ പ്രവർത്തകർ എന്നിവര് ചേർന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലർച്ചെ മുതൽ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്.

