ശ്രീറാം വെങ്കിട്ടരാമന് സസ്‌പെൻഷൻ; രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടക്കേസുമായി ബന്ധപ്പെട്ട് ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ സസ്‌പെൻഡ് ചെയ്തു. ശ്രീറാമിന്റെ രക്തത്തിൽ മദ്യത്തിന്റെ അംശമില്ലെന്നു റിപ്പോർട്ട് പുറത്തുവന്നിരുന്നു. പൊലീസിന്റെ അനലിറ്റിക്കൽ ലാബിലാണ് രക്ത സാന്പിൾ പരിശോധിച്ചത്. പരിശോധനാഫലം പൊലീസിന് കൈമാറി.
അപകടം നടന്ന് 10 മണിക്കൂറിനുശേഷമാണ് ശ്രീറാമിന്റെ രക്തസാന്പിൾ ശേഖരിച്ചത്. മദ്യത്തിന്‍റെ അളവ് കണ്ടെത്താന്‍ കഴിയാത്തത് ഇതുമൂലമാണെന്നു ആക്ഷേപമുണ്ട്. ഇതോടെ ശ്രീറാമിനെതിരെ ചുമത്തിയ നരഹത്യാ കേസ് നിലനിൽക്കുമോയെന്നു സംശയമുണ്ട്. ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന് ഉറപ്പിച്ച് പറയാതെയായിരുന്നു പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. വഫ ഫിറോസിൽ നിന്നു നിർബന്ധപൂർവ്‍വമാണ് ശ്രീറാം വാഹനം വാങ്ങിയതെന്നും അമിതവേഗത്തിലാണ് ഓടിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

