മാധ്യമ പ്രവർത്തകന്റെ മരണം: ശ്രീറാം വെങ്കിട്ടരാമനെ അറസ്റ്റ് ചെയ്തേക്കും


തിരുവനന്തപുരം: മാധ്യമപ്രവർ‍ത്തകൻ കെ.എം ബഷീറിന്‍റെ മരണത്തിലേക്ക് നയിച്ച വാഹനാപകടത്തിൽ‍ സർ‍വ്വേ വകുപ്പ് ഡയറക്ടർ‍ ശ്രീറാം വെങ്കിട്ടരാമൻ‍ ഐ.എ.എസ് പ്രതിയാകുമെന്ന് ഏതാണ്ട് ഉറപ്പായി. അപകടമുണ്ടാക്കിയ കാർ‍ ഓടിച്ചിരുന്നത് തനിക്കൊപ്പമുണ്ടായ സുഹൃത്ത് വഫ ഫിറോസായിരുന്നു എന്നാണ് ശ്രീറാം പോലീസിന് നൽ‍കിയിരുന്ന മൊഴി. പിന്നാലെ ആരേയും പ്രതി ചേർ‍ക്കാതെ മനഃപൂർ‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് ചേർ‍ത്ത് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 

എന്നാൽ‍ വാഹമോടിച്ചത് ശ്രീറാം തന്നെയാണെന്നും അദ്ദേഹം മദ്യപിച്ചിരുന്നുവെന്നും സ്ഥിരീകരിക്കുന്ന ദൃക്സാക്ഷികളുടേയും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ‍മാരുടേയും മൊഴികൾ‍ പുറത്തു വന്നതോടെ പോലീസ് സമ്മർ‍ദ്ദത്തിലായി. ഒടുവിൽ‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന യുവതിയും അദ്ദേഹമാണ് വണ്ടിയോടിച്ചത് എന്നു മൊഴി നൽ‍കിയതോടെ  അപകടമുണ്ടാക്കിയത് ശ്രീറാമാണെന്ന വിവരം പൊലീസ് സ്ഥിരീകരിച്ചത്. ശ്രീറാമിന്‍റെ മൊഴി ഡിസിപി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപും കിംസ് ആശുപത്രിയിലുള്ള ശ്രീറാമിന്‍റെ രക്തസാംപിളുകളും ശേഖരിച്ചിട്ടുണ്ട്. അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. 

ഇന്നു പുലർ‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാർ‍ അപകടത്തിൽ‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീർ‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്‍റെ കാർ‍ ഇടിക്കുകയായിരുന്നു. 

മ്യൂസിയം പോലീസ് േസ്റ്റഷന് 50 മീറ്റർ‍ ദൂരത്തിലാണ് പുലർ‍ച്ചെ അപകടമുണ്ടായത്. അപകടത്തിന്‍റെ ശബ്ദം കേട്ട മ്യൂസിയം േസ്റ്റഷനിലെ ഉദ്യോഗസ്ഥർ‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുന്പോൾ‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നിൽ‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലൻസ് വിളിച്ചു വരുത്താൻ ‍പോലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്‍റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമൻ‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്സാക്ഷികൾ‍ പറയുന്നു.

എന്നാൽ‍ ഇതിനുശേഷം ശ്രീറാം പോലീസിനോട് പറഞ്ഞത് തന്‍റെ സുഹൃത്താണ് വണ്ടിയോടിച്ചത് എന്നാണ്. തന്‍റെ കൈയ്ക്ക് വേദനയുണ്ടെന്ന് ശ്രീറാം വെങ്കിട്ടരാമൻ‍ പറഞ്ഞതോടെ അദ്ദേഹത്തെ പോലീസ് ജനറൽ‍ ആശുപത്രിയിലെത്തിച്ചു. അവിടെ വച്ച് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ‍ ഒ.പി ടിക്കറ്റിൽ‍ ശ്രീറാമിനെ മദ്യം മണക്കുന്നതായി എഴുതി. തുടർ‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫർ‍ ചെയ്തു. എന്നാൽ‍ താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്‍റെ മൊഴി വിശ്വസിച്ച പോലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവർ‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയിൽ‍ എത്തി അവിടെ അഡ്മിറ്റായി.  തിരിച്ച് മ്യൂസിയം പോലീസ് േസ്റ്റഷനിലെത്തിയ ഉദ്യോഗസ്ഥർ‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ ഒരു ഓൺ‍ലൈൻ‍ ടാക്സിയിലേക്ക് വീട്ടിലേക്ക് അയച്ച് കാര്യങ്ങൾ‍ ഒരുവിധം ഒത്തുതീർ‍പ്പാക്കി. ഇതിനൊക്കെ ശേഷമാണ് വാഹനാപകടത്തിൽ‍ മരിച്ചത് മാധ്യമപ്രവർ‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. 

സംഭവത്തിൽ‍ വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചു. രാവിലെ എട്ട് മണിയോടെ എഫ്ഐആർ‍ രജിസ്റ്റർ‍ ചെയ്ത പൊലീസ് ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസിനെ േസ്റ്റഷനിലേക്ക്  വിളിച്ചു വരുത്തി. സംഭവത്തിന്‍റെ ഗൗരവം മനസിലായതോടെ താനല്ല ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്ന് ഇവർ‍ പോലീസിനോട് പറഞ്ഞു. യുവതിയെ പിന്നീട് ജനറൽ‍ ആശുപത്രിയിലെത്തിച്ച പോലീസ് രക്തസാംപിൾ‍ ശേഖരിച്ചെങ്കിലും ഇവരുടെ രക്തത്തിൽ‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയിട്ടില്ല. 

നിലവിൽ‍ മനഃപൂർ‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് ശ്രീറാമിനെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുത്താൽ‍ പുതിയ മോട്ടോർ‍വാഹനവകുപ്പ് നിയമം അനുസരിച്ച് മൂന്ന് വർ‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന വകുപ്പിലായിരിക്കും അദ്ദേഹം പ്രതിയാവുക. പുതിയ നിയമം അനുസരിച്ച് ഇത്തരം കേസുകളിൽ‍  ലൈസൻ‍സ് ആജീവനാന്തം സസ്പെൻ‍ഡ് ചെയ്യുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed