കാസര്‍ക്കോട്ടെ സഹോദരങ്ങളുടെ മരണം വൈറല്‍ പനി ബാധിച്ചല്ലെന്ന് സൂചന


കാസര്‍ക്കോട്: കാസർക്കോട് ബദിയടുക്ക കന്യപ്പാടിയിൽ രണ്ട് കുട്ടികൾ മരിച്ചത് വൈറൽ പനി ബാധിച്ചല്ലെന്ന് സൂചന. മണിപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍  നടത്തിയ പരിശോധനയിലാണ് വൈറസ് ബാധയല്ല മരണ കാരണമെന്ന് വ്യക്തമായത്. പരിശോധന തുടരുകയാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പുത്തിഗെ പഞ്ചായത്തിലെ കന്യപ്പാടി സ്വദേശി അബൂബക്കർ സിദ്ധിഖിന്റെ കുട്ടികളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. 8 മാസം പ്രായമുള്ള മകൾ സിദത്തുൽ മുൻതഹയും നാലര വയസ്സ് പ്രായമുള്ള മകൻ സിനാനുമാണ് മരിച്ചത്. പനി തലച്ചോറിനെ ബാധിക്കുകയും ശ്വാസ തടസമുണ്ടാവുകയും ചെയ്തതായി ആരോഗ്യപ്രവർത്തകർ പറയുന്നു. എച്ച്1എൻ1, നിപ്പ എന്നീ രോഗങ്ങൾ പിടിപെട്ടതായി പ്രചരിച്ചിരുന്നെങ്കിലും ചികിത്സയിലായിരുന്ന മംഗളൂരു ആശുപത്രിയിൽ നിന്നു ലഭിച്ച റിപ്പോർട്ടുകളിൽ ഇതൊന്നും സ്ഥിരീകരിച്ചിട്ടില്ല. ഉമ്മ അസറുന്നിസയും പനി ബാധിച്ചു ചികിത്സയിലാണ്.
എന്താണ് പനിക്കുള്ള കാരണമെന്നും ഇതെങ്ങിനെ കുട്ടികളെ ബാധിച്ചുവെന്നും കണ്ടെത്തുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രണ്ടാമത്തെ കുട്ടിയും മരിച്ചതോടെ കുട്ടിക്കു പനി ബാധിച്ച മുഗുറോഡ് പ്രദേശത്ത് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഡിഎംഒ എ.പി.ദിനേശ്കുമാർ സ്ഥലം സന്ദർശിച്ചു.  നിലവിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികളുടെ അമ്മയെ വേണമെങ്കിൽ കേരളത്തിലേക്ക് മാറ്റാനും ആരോഗ്യവകുപ്പ് ആലോചിക്കുന്നുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed