യു.ഡി.എഫ് ഉപരോധം; ഗതാഗതക്കുരുക്കിൽ വലഞ്ഞ് തലസ്ഥാനം
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് അടക്കമുള്ള വിഷയങ്ങളിലെ സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് യു.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തെ തുടർന്ന് തിരുവനന്തപുരം നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്. സെക്രട്ടറിയറ്റിലെ കൻഡോൺമെന്റ് ഗേറ്റിന് മുന്നിലൊഴികെയുള്ള മറ്റ് മൂന്ന് ഗേറ്റുകളിലും യു.ഡി.എഫ് പ്രവർത്തകർ ഉപരോധ സമരം നടത്തി. സെക്രട്ടേറിയറ്റിലേക്കുള്ള മുഴുവൻ റോഡുകളും പോലീസ് അടച്ചതിനാൽ നഗരം മുഴുവൻ ഗതാഗതക്കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ്.
നഗരത്തിൽ വലിയ സുരക്ഷാ സംവിധാനങ്ങളാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. സെക്രട്ടേറിയറ്റിലേക്ക് കാൽനടയാത്രകാരെ പോലും കടത്തിവിടാത്ത അവസ്ഥയാണ് സംജാതമായത്. സെക്രട്ടേറിയറ്റ് ജീവനക്കാരെ തിരിച്ചറിയൽ കാർഡ് പരിശോധിച്ചതിന് ശേഷം മാത്രമാണ് കടത്തിവിടുന്നത്. സ്കൂൾ കുട്ടികളെ കൊണ്ടുവിടാൻ പോകുന്നവരെ പോലും സെക്രട്ടേറിയറ്റ് പരിസരത്ത് കടത്തിവിടുന്നില്ല.
സെക്രട്ടേറിയറ്റിന് മുന്നിലൂടെ കടന്നു പോകുന്ന മന്ത്രിമാരുടെ വാഹനങ്ങൾ തടഞ്ഞുവയ്ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് വൻ സുരക്ഷാസന്നാഹങ്ങൾ ഒരുക്കിയത്. അതേസമയം, നഗരത്തിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് വലയുകയാണ് ജനങ്ങൾ. കഴിഞ്ഞ ഒരാഴ്ചയായി തലസ്ഥാന നഗരിയിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നതെന്ന് ജനങ്ങൾ പറയുന്നു.

