സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കോട്ടയം: ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെച്ചൊല്ലി കേരളാ കോൺഗ്രസ് എമ്മിലുണ്ടായ ആശയക്കുഴപ്പങ്ങൾ അവസാനിച്ചു. സെബാസ്റ്റ്യൻ കുളത്തുങ്കലിനെ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുത്തു. ജോസ് കെ. മാണി വിഭാഗം നേതാവാണ് സെബാസ്റ്റ്യൻ കുളത്തുങ്കൽ. സമവായത്തിന്‍റെ ഭാഗമായി ആദ്യ ടേം ജോസ് കെ. മാണി വിഭാഗവും രണ്ടാമത്തെ ടേമിൽ ജോസഫ് വിഭാഗവും പ്രസിഡണ്ട് സ്ഥാനം വഹിക്കും. യു.ഡി.എഫ് ധാരണ അനുസരിച്ച് നിലവിലെ പ്രസിഡണ്ട് സണ്ണി പാന്പാടി രാജി വെച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ജൂലൈ ഒന്ന് മുതൽ കേരള കോൺഗ്രസ്സിന് നൽകാമെന്നായിരുന്നു മുന്നണിയിലെ മുൻ ധാരണ.
എന്നാൽ, കേരള കോൺഗ്രസ്−എം. പിളർന്നതോടെ ആശയക്കുഴപ്പമായി. ജോസഫ്− ജോസ് കെ. മാണി വിഭാഗങ്ങൾ പ്രസിഡണ്ട് പദവിയിൽ അവകാശവാദം ഉന്നയിച്ചു. ഇതോടെ ഇരുവിഭാഗങ്ങളും സമവായത്തിലെത്തിയില്ലെങ്കിൽ പ്രസിഡണ്ട് പദം കോൺഗ്രസ് തന്നെ ഏറ്റെടുക്കുമെന്ന് പാർട്ടി നേതൃത്വം കേരള കോൺഗ്രസ് നേ താക്കളെ അറിയിച്ചു. ഇതിന് ശേഷമാണ് ഇരുവിഭാഗവും സമവായത്തിൽ എത്തിയത്. 22 പ്രതിനിധികളുള്ള ജില്ലാ പഞ്ചായത്തിൽ കോൺഗ്രസ്സിന് എട്ടും കേരള കോൺഗ്രസ്സിന് ആറും അംഗങ്ങളാണുള്ളത്. ഇവർ ആറ് പേരും ജോസ് കെ. മാണി പക്ഷത്താണ്.

