കള്ളക്കഥയുണ്ടാക്കി പി.എസ്.സിയെ തകർക്കാൻ ശ്രമം നടക്കുന്നതായി പിണറായി വിജയൻ
തിരുവനന്തപുരം: നല്ലനിലയിൽ പ്രവർത്തിക്കുന്ന പി.എസ്.സിയെ തകർക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. അധികാരത്തിലെത്തുന്പോൾ സർക്കാർ നൽകിയ ഉറപ്പുകൾ എല്ലാം സമയബന്ധിതമായി പൂർത്തിയാക്കും. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 1,10000 നിയമനങ്ങൾ പി.എസ്.സി വഴി നടന്നു. 22000 തസ്തികകൾ ഇതിനകം സൃഷ്ടിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.
ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തേക്കാളും കൂടുതൽ കാര്യക്ഷമതയും വിശ്വാസ്യതയും ഉള്ള സ്ഥാപനമാണ് പി.എ.സ്.സി നല്ലനിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തെ മോശമായി ചിത്രീകരിച്ച് യുവജനങ്ങളിൽ അങ്കലാപ്പ് ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
പുറത്തുനിന്നുള്ള ഒരു ഇടപെടലും പരീക്ഷാ നടത്തിപ്പിലോ നിയമനത്തിലോ ഇല്ല. മറ്റ് പല സംസ്ഥാനങ്ങളിലും അങ്ങനെ അല്ല. കുറ്റമറ്റ പ്രവർത്തനമാണ് പി.എ.സ്.സിയുടെ വിശ്വാസ്യതയുടെ അടിസ്ഥാനമെന്നും പിണറായി വിജയൻ പറഞ്ഞു. യൂണിവേഴ്‍സിറ്റി കോളേജിലെ രണ്ട് വിദ്യാർത്ഥികൾ അനധികൃതമായി ഉദ്യോഗാർത്ഥികളുടെ ലിസ്റ്റിൽ കയറി പറ്റിയെന്നായിരുന്നു പ്രധാന ആരോപണം. അത് തെറ്റെന്ന് തെളിയുകയും ചെയ്തു. പക്ഷെ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പി.എസ്.സി പോലെ സുതാര്യമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിന്‍റെ വിശ്വാസ്യത പോലും ചോദ്യം ചെയ്യുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളേജ് അക്രമത്തിലെ പ്രതികൾ കോളേജിൽ പി.എസ്.സി പരീക്ഷ എഴുതി എന്ന് ആദ്യം പ്രചരിപ്പിച്ചു. പരാതി ഉന്നയിക്കാം പക്ഷെ വിശ്വാസ്യത തകർക്കരുത്. വിമർശനങ്ങൾ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സർക്കാർ തയ്യാറാണ്. ഭരണഘടനാ സ്ഥാപനങ്ങളെ രാജ്യവ്യാപകമായി തകർക്കാൻ നടക്കുന്ന ശ്രമത്തിന്‍റെ ഭാഗമാണ് പി.എസ്.സിക്ക് എതിരായ ആക്ഷേപമെന്നും പിണറായി വിജയൻ പറഞ്ഞു.

