ഡി.എന്‍.എ പരിശോധനയ്ക്കായി ബിനോയ് കോടിയേരി ഇന്നു രക്തസാമ്പിള്‍ നല്‍കിയേക്കും
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഡി.എന്‍.എ പരിശോധനയ്ക്ക് രക്ത സാമ്പിള്‍ നല്‍കുന്നതിനായി മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന കേസിലാണ് ഡി.എന്‍.എ പരിശോധന നടത്തുന്നത്.
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. ആദ്യം ഡി.എന്‍.എ പരിശോധനയ്ക്ക് സമ്മതമല്ലെന്ന് അറിയിച്ചിരുന്ന ബിനോയ് പിന്നീട് സമ്മതം അറിയിക്കുകയായിരുന്നു. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നാണ് വിവരം.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ദിന്‍ദോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്

