വൈപ്പിനിൽ ബൈക്ക് അപകടം: രണ്ട് യുവാക്കൾ മരിച്ചു
വൈപ്പിൻ: വൈപ്പിൻ സംസ്ഥാനപാതയിലുണ്ടായ ബൈക്ക് അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ബുധനാഴ്ച പുലർച്ചെ 2.55ന് നായരന്പലം മാനാട്ട് പറന്പ് പള്ളിക്ക് തെക്കുവശത്തുള്ള കൾവർട്ടിനു സമീപമാണ് അപകടമുണ്ടായത്. തൃശൂർ വലപ്പാട് ഭാരത് വിദ്യാമന്ദിർ സ്കൂളിനു സമീപം താമസിക്കുന്ന പച്ചംപുള്ളി കൃപയാൽ സിംഗിന്‍റെ മകൻ പി.കെ. സിനോജ് (24), സുഹൃത്ത് വലപ്പാട് സ്വദേശി വിഷ്ണു എന്നിവരാണ് മരിച്ചത്.
സിനോജ് ഓടിച്ചിരുന്ന ബൈക്ക് കൾവർട്ടിന്‍റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും 20 മീറ്ററോളം മുന്നോട്ട് മാറി തെറിച്ച് റോഡിൽ തന്നെ വീഴുകയായിരുന്നു. ഈ ഭാഗത്ത് അടുത്ത് വീടുകൾ ഒന്നും ഇല്ലാതിരുന്നതിനാൽ ഇടിയുടെ ശബ്ദം ആരും കേട്ടില്ല. അൽപ്പ സമയത്തിനുശേഷം അതുവഴി വന്ന ഞാറക്കൽ പോലീസിന്‍റെ പട്രോളിംഗ് സംഘമാണ് ഇരുവരും റോഡിൽ രക്തത്തിൽ കുളിച്ച് കിടക്കുന്നതായി കണ്ടെത്തിയത്. പിന്നീട് എസ്.ഐ സംഗീത് ജോബിന്‍റെ നേതൃത്വത്തിൽ ഇരുവരെയും ആംബുലൻസിൽ എറണാകുളം ജനറലാശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

