എട്ടുവരെ ഇനി യു.പി ക്ലാസ്; സ്കൂളിലെ ഘടനാമാറ്റത്തിന് ഹൈക്കോടതി അംഗീകാരം
കൊച്ചി: കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് കേരള വിദ്യാഭ്യാസ ഘടനയിലും മാറ്റം വരുത്തണം എന്നാവശ്യപ്പെട്ടുള്ള നാൽപ്പതോളം ഹർജികളിൽ ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്. എൽ.പി, യു.പി ക്ലാസുകളിലെ ഘടനാമാറ്റം ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് ചിതംബരേഷ് അടക്കമുള്ള മൂന്നംഗ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
കേരളത്തിലെ എൽ.പി, യു.പി ക്ലാസ്സുകളുടെ ഘടനയിൽ മാറ്റവും നവീകരണവും വേണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. കേരള വിദ്യാഭ്യാസ ചട്ട പ്രകാരം ഒന്ന് മുതൽ നാലുവരെയുള്ള ക്ലാസ്സുകളാണ് എൽ.പി ക്ലാസ്സുകളായി പരിഗണിക്കുന്നത്. ഈ ഘടനയിൽ മാറ്റം വരുത്തണമെന്നാണ് ഹൈക്കോടതി വിധി. ഇതോടെ കേരളത്തിലെ പ്രാഥമിക വിദ്യാഭ്യാസ ഘടന മാറും.
ഒരു വയസുമുതൽ പതിനാല് വയസുവരെയുള്ള കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം അവകാശമാക്കികൊണ്ടുള്ള വിദ്യാഭ്യാസ അവകാശ നിയമം 2009ലാണ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചത്. ഇതിൽ എൽ.പി ക്ലാസുകൾ ഒന്നുമുതൽ അഞ്ച് വരെയും യു.പി ക്ലാസുകൾ ആറ് മുതൽ എട്ടുവരെയും പരിഗണിക്കണമെന്നാണ് ഉള്ളത്. എന്നാൽ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമ പ്രകാരമുള്ള ഘടനാമാറ്റം സംസ്ഥാനത്ത് ഇതുവരെ വരുത്തിയിരുന്നില്ല. ഈ ഘടനയിൽ മാറ്റം വരുത്തണമെന്ന ഹർജികളാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ്.

