റിമാ ദാസിന്റെ ബുൾബുൾ കാൻ സിംഗ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലെ ഉദ്ഘാടന ചിത്രം
കൊച്ചി: ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിലെ (ഐഎഫ്എഫ്‍എം) ഉദ്ഘാടനചിത്രമായി വില്ലേജ് റോക്സ്റ്റാർ എന്ന ഒറ്റച്ചിത്രത്തോടെ ദേശീയ ശ്രദ്ധ നേടിയ ചലച്ചിത്രകാരി റിമാ ദാസ് സംവിധാനം ചെയ്‍ത പുതിയ ചിത്രമായ ബുൾബുൾ കാൻ സിംഗ് തിരഞ്ഞെടുക്കപ്പെട്ടു. ചിത്രം ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വാർത്ത റിമാ ദാസ് തന്നെയാണ് സാമൂഹ്യമാധ്യമത്തിലൂടെ അറിയിച്ചത്. അസമിലെ ബുൾബുൾ എന്ന പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ബുൾബുൾ കാൻ സിംഗ്. ചിത്രം 2018 ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ആദ്യം പ്രദർശിപ്പിച്ചത്. ഓഗസ്റ്റ് എട്ടിന് ആണ് ചലച്ചിത്രോത്സവം തുടങ്ങുക. റിമാ ദാസ് ആദ്യമായി സംവിധാനം ചെയ്‍ത വില്ലേജ് റോക്സ്റ്റാറിന് മികച്ച സിനിമയ്‍ക്കുള്ള ദേശീയ പുരസ്‍കാരം ലഭിച്ചിരുന്നു. ചിത്രത്തിലെ അഭിനയത്തിന് ഭനിത ദാസിന് മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചിരുന്നു.

