നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർ അറസ്റ്റിൽ
നെടുങ്കണ്ടം: നെടുങ്കണ്ടം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ രണ്ട് പോലീസുകാർ അറസ്റ്റിൽ. എസ്ഐ കെ.എ. സാബു, സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സജീവ് ആന്‍റണി എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ചാണ് ഇവരുവരെയും അറസ്റ്റു ചെയ്തത്. കസ്റ്റഡി മർദ്ദനത്തിനാണ് അറസ്റ്റ്. അന്വേഷണത്തിന്‍റെ പ്രാഥമിക ഘട്ടത്തിൽ ഇരുവർക്കുമെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചിരുന്നു. തൂക്കുപാലം കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഹരിത ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പീരുമേട് സബ് ജയിലിൽ റിമാൻഡിലായിരിക്കെ രാജ്കുമാർ മരിച്ചത്.
രാജ്കുമാറിന് മർദ്ദനമേറ്റിരുന്നതായാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇയാളുടെ ഇരുകാലുകളുടെയും മുട്ടിനുതാഴെ 32 മുറിവുകൾ കാണപ്പെട്ടിരുന്നു. കാൽവെള്ള തകർന്ന നിലയിലായിരുന്നു. ഇടതുകാലിന്‍റെയും കാൽവിരലുകളുടെയും അസ്ഥികൾ പൊട്ടിയിരുന്നു. രണ്ടു കാലുകളുടെയും തുടയിലെ പേശികൾ വിട്ടുമാറിയിരുന്നതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ എസ്ഐ കെ.എ. സാബു, എഎസ്ഐ സി.ബി. റെജിമോൻ, ഡ്രൈവർമാരായ നിയാസ്, സജീവ് ആന്‍റണി എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡു ചെയ്തതിരുന്നു. നെടുങ്കണ്ടം എച്ച്എസ്ഒ റെജി എം. കുന്നിപ്പറന്പിൽ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ബിജു ലൂക്കോസ്, ജോഷി, രാജേഷ്, ഗീതു ഗോപിനാഥ് എന്നിവരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു.

