ഇത് അഴിമതിക്കെതിരെ പോരാടിയതിന്‍റെ ഫലം: രാജു നാരായണ സ്വാമി
കൊച്ചി: സർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പൊട്ടിത്തെറിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി രാജു നാരായണ സ്വാമി. സർവ്വീസിൽ നിന്ന് പുറത്താക്കാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്ത വാർത്തയെക്കുറിച്ച് തനിക്കറിയില്ലെന്ന് പറഞ്ഞ നാരായണ സ്വാമി ഇതിനെക്കുറിച്ച് സർക്കാർ തന്നോട് വിശദീകരണം ചോദിച്ചിട്ടില്ലെന്നും പറഞ്ഞു.
ഇത് അഴിമതിക്കെതിരെ താൻ നടത്തിയ പോരാട്ടത്തിനുള്ള സമ്മാനമാണെന്ന് പറഞ്ഞ സ്വാമി, സർക്കാർ തന്നെ വേട്ടയാടുകയാണെന്ന് ആരോപിക്കുന്നു. മൂന്നാർ മുതൽ സർക്കാർ തന്നോട് പ്രതികാരം വീട്ടുകയാണ്, അഴിമതിക്കാരനായ ചീഫ് സെക്രട്ടറിയാണ് തനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്, രാജു നാരായണ സ്വാമി പറഞ്ഞു.
നാളികേര വികസന ബോർഡ് ചെയർമാൻ എന്ന നിലയിൽ സ്വീകരിച്ച അഴിമതി വിരുദ്ധ നടപടികൾക്ക് ലഭിച്ച പ്രതിഫലമാണ് ഇതെന്നും വൻ അഴിമതിയാണ് അവിടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. നാളികേര വികസന ബോർഡിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നുവെന്നും രാജു നാരായണ സ്വാമി വ്യക്തമാക്കുന്നു. ഒരു ഐഎഎസ് ഉദ്യോഗസ്ഥനെ 2 വർഷം തികയുന്നതിന് തസ്തികയിൽ നിന്ന് നീക്കം ചെയ്യുന്നുവെങ്കിൽ അത് സംബന്ധിച്ച് ഉദ്യോഗസ്ഥന് മുൻകൂർ അറിയിപ്പ് നൽകണം, രാജു നാരായണ സ്വാമിയുടെ കാര്യത്തിൽ ഇതുണ്ടായില്ല. ഇതേ തുടർന്നാണ് നാരായണ സ്വാമി അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൽ പരാതി നൽകിയത്.
ആയിരക്കണക്കിന് അഴിമതികളിൽ നിന്ന് മുകൾ തട്ടിലുള്ളവയാണ് കണ്ടെത്തിയതെന്ന് പറഞ്ഞ നാരായണ സ്വാമി, താൻ തിരിച്ചെത്തിയാൽ ഇതിന് പിന്നിലുള്ള എല്ലാവരെയും കണ്ടെത്തുമെന്നതിനാലാണ് തനിക്കെതിരെ ഇത്തരത്തിൽ നടപടിയുണ്ടായത് എന്ന് അവകാശപ്പെടുന്നു. കഴിഞ്ഞ നാല് മാസമായി തനിക്ക് ശമ്പളം പോലുമില്ലെന്ന് നാരായണസ്വാമി പറയുന്നു. ഇക്കാര്യങ്ങളെല്ലാം സംസ്ഥാന സർക്കാരിനറിയാമെന്നും ഇത് സംബന്ധിച്ച് ഒരു മെമോ പോലും തനിക്ക് ഇത് വരെ ലഭിച്ചിട്ടില്ലെന്നും അവകാശപ്പെടുന്നു.
‘’മൂന്നാർ മുതൽ ഇങ്ങോട്ട് തുടങ്ങിയതാണ് തനിക്കെതിരെയുള്ള വേട്ട. സഞ്ജീവ് ഭട്ടിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച അന്ന് തന്നെ ഇത്തരത്തിലൊരു നീക്കം തനിക്കെതിരെയുണ്ടായത് സംവിധാനത്തിന്‍റെ പരാജയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഗോഡ് ഫാദർമാരുള്ളവർക്ക് മാത്രമാണ് സംരക്ഷണം ലഭിക്കുന്നത്. അഴിമതിക്കെതിരെ നിലപാടടെക്കുന്നവരുടെ ജീവിത മാർഗം മുട്ടിക്കുകയാണ്. ഇക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല. അടി കൊണ്ട പോലീസുകാരനാണെങ്കിലും ജേക്കബ് തോമസാണെങ്കിലും അഴിമതിക്ക് കൂട്ട് നിന്നില്ലെങ്കിൽ ഭവിഷ്യത്തുകൾ ഉണ്ടാകും’’, രാജു നാരായണ സ്വാമി പറയുന്നു.

