ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ: ഹൈക്കോടതി സ്വമേധയാ കേസെടുത്തു
കൊച്ചി: ആന്തൂർ നഗരസഭാ പരിധിയിൽ നിർമ്മിച്ച കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി വൈകിച്ചതിൽ മനംനൊന്ത് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസ് എടുത്തു. ആന്തൂർ മുനിസിപ്പാലിറ്റിക്കെതിരെയാണ് നടപടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനാണ് കേസ് എടുത്തത്.
സംഭവത്തിൽ നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. ആന്തൂർ നഗരസഭാ സെക്രട്ടറി ഗിരീഷ് അസിസ്റ്റന്‍റ് എൻജിനീയർ കലേഷ്, ഓവർസീയർമാരായ അഗസ്റ്റിൻ, സുധീർ ബി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ചില കുറവുകൾ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. അനാവശ്യ കാലതാമസം വന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യുന്നതെന്നും തദ്ദേശ മന്ത്രി എ.സി മൊയ്ദീൻ പറഞ്ഞു. കുറ്റവാളികളെന്ന് കണ്ടെത്തിയാൽ സർക്കാർ വെറുതെ വിടില്ലെന്നും മന്ത്രി എ.സി മൊയ്ദീൻ പറഞ്ഞു.
കെട്ടിട നിർമ്മാണ ചടങ്ങളിൽ വീഴ്ച ഉണ്ടോ അനാവശ്യ കാലതാമസം വരുത്തിയോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ രണ്ട് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സമഗ്രമായി പഠിച്ച ശേഷം പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു. ഇതിനിടയിലാണ് സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരിക്കുന്നത്.

