പരാതിയുമായി ചെന്നപ്പോൾ ചെയർപേഴ്സൺ തളർത്തി: പ്രവാസി വ്യവസായിയുടെ കുടുംബം
കണ്ണൂർ: പ്രവാസി വ്യവസായി സാജൻ പറയിൽ ആത്മഹത്യ ചെയ്യാൻ കാരണം സിപിഎം ഭരിക്കുന്ന ആന്തൂർ നഗരസഭ വേട്ടയാടിയതാണ് കുടുംബാംഗങ്ങൾ. താൻ ഇരിക്കുന്ന കാലത്തോളം അനുമതി ലഭിക്കില്ലെന്ന് നഗരസഭ ചെയർപേഴ്സൻ പി.കെ.ശ്യാമള പറഞ്ഞു. കൺവൻഷൻ സെന്റർ ഒരിക്കലും തുറക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും കൂടെ നിന്ന പാർട്ടിക്കാർത്തന്നെ ചതിക്കുകയായിരുന്നെന്നും സാജന്റെ ഭാര്യ ബീനയും ഭാര്യാപിതാവ് പുരുഷോത്തമനും ആരോപിച്ചു.
കോടികൾ മുടക്കി നിർമിച്ച കൺവൻഷൻ സെന്റർ ഒരിക്കലും തുറന്നു പ്രവർത്തിക്കാൻ പറ്റില്ലെന്ന തോന്നൽ സാജനെ മാനസികമായി തളർത്തി. ആന്തൂരിലെ പാർട്ടിയിൽ നിലനിൽക്കുന്ന വിഭാഗീയതയും സാജന്റെ പദ്ധതിക്ക് അനുമതി ലഭിക്കാതിരിക്കാൻ കാരണമായെന്ന് ആരോപണമുണ്ട്. അനുമതി നിഷേധിച്ചിട്ടില്ലെന്നും നടപടിക്രമങ്ങൾ പൂർത്തിയാകാനുള്ള താമസമാണ് ഉണ്ടായതെന്നുമാണ് നഗരസഭയുടെ വിശദീകരണം.

