പ്രസവത്തെ തുടർന്ന് ആദിവാസി യുവതി മരിച്ചു
മാനന്തവാടി: വീട്ടിൽ പ്രസവിച്ച ആദിവാസി യുവതി മരിച്ചു. തോൽപെട്ടി വെള്ളറ കാട്ടുനായ്ക്ക കോളനിയിലെ സുമേഷിന്റെ ഭാര്യ സുചിത്ര(22)ആണ് മരിച്ചത്. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് ഇവർ വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. തുടർന്ന് രക്തസ്രാവം വന്നതോട് കൂടി ഇന്നലെ പുലർച്ചെ അഞ്ചോടെ അബോധവസ്ഥയിലായ സുചിത്രയെ ബന്ധുക്കൾ ജില്ലാ ആശുപത്രിയിൽ കൊണ്ടുപോകും വഴി സുചിത്ര മരിക്കുകയായിരുന്നു.
കുഞ്ഞ് ജില്ലാ ആശുപത്രിയിൽ ചികിൽസയിലാണ്. കാലിനു നീർ ബാധിച്ച് ഇവർ 21ന് ജില്ലാ ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. എന്നാൽ അവിടെ നിന്ന് ഡിസ്ചാർജ് ചെയ്യുന്നതിന് മുന്പ് തന്നെ വീട്ടിലേക്ക് പോവുകയായിരുന്നെന്ന് ജില്ലാ ആശുപത്രി അധികൃതർ പറഞ്ഞു. ഇൗ വിവരം പോലീസിലും അറിയിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച് മതിയായ ചികിത്സ നടത്താൻ ഫീൽഡ് ജീവനക്കാർ വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന പരാതി ഉയർന്നിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് തിരുനെല്ലി പോലീസ് കേസെടുത്തു.

