അച്ഛനും പെൺമക്കൾക്കും നേരെ സദാചാര ഗുണ്ടായിസം : മൂന്ന് പേർ അറസ്റ്റിൽ
കൽപ്പറ്റ : കൽപറ്റ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് ബസ്സ് കാത്തുനിൽക്കുകയായിരുന്ന അച്ഛനെയും പെൺമക്കളെയും രാത്രി സർവ്‍വീസ് നടത്തിയിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാർ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. കൽപ്പറ്റ അന്പിലേരി ചെളിപ്പറന്പിൽ വീട്ടിൽ ഹിജാസ് (25), പുഴമുടി എടകുനി ലക്ഷംവീട്ടിൽ പ്രമോദ് (28), കന്പളക്കാട് പള്ളിമുക്ക് കൊള്ളപ്പറന്പിൽ വീട്ടിൽ അബ്ദുൾ നാസർ (45) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏഴംഗസംഘമാണ് ഇവരെ ആക്രമിച്ചത്.
ഫെബ്രുവരി 28−ന് രാത്രിയായിരുന്നു സംഭവം. ബംഗളൂരുവിലേക്ക് പോകാനായി മുൻകൂട്ടി ടിക്കറ്റ് ബുക്ക്‌ചെയ്ത് അനന്തവീര തിയേറ്ററിന് സമീപം ബസ്സ് കാത്തിരിക്കുകയായിരുന്നു സുരേഷ് ബാബുവും അദ്ദേഹത്തിന്റെ ഡിഗ്രിക്കും ഏഴാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺമക്കളും. ആ സമയം എതിർവശത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരിൽ ചിലർ അടുത്തെത്തി ചോദ്യം ചെയ്യുകയും സ്വന്തം മക്കളാണെന്ന് പറഞ്ഞിട്ടും കേൾക്കാതെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയുമായിരുന്നു.
‘ചെറുപ്പക്കാരികളായ പെൺകുട്ടികളോടൊപ്പം എന്താടോ ഇവിടെ’ എന്ന ആക്രോശത്തോടെയാണ് ഡ്രൈവർമാരുടെ സംഘം എത്തിയത്. സ്വന്തം മക്കളാണെന്നും ബംഗളൂരുവിലേക്ക് പോവുകയാണെന്നും പറഞ്ഞപ്പോൾ സ്വന്തം മക്കളാണ് എന്നതിന് തെളിവുനൽകാൻ ആവശ്യപ്പെട്ട ഇവർ സുരേഷ് ബാബുവിന്റെ തോളിൽപ്പിടിച്ച് തള്ളി. ഇതോടെ മക്കൾ നിലവിളിച്ചു. കുട്ടികൾ കരഞ്ഞ് ബഹളം വെച്ചിട്ടും ഡ്രൈവർമാർ പിന്‍മാറാൻ തയ്യാറായില്ല. കൽപ്പറ്റ പോലീസിനെ വിവരമറിയിക്കാൻ സുരേഷ് ബാബു ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് വനിതാസെല്ലിലേക്കും നിർഭയയിലേക്കും വിളിച്ചറിയിച്ച് ബസ്സ് വന്നപ്പോൾ മൂന്നുപേരും ബംഗളൂരുവിലേക്ക് യാത്രതിരിച്ചു. തിരികെവന്നതിന് ശേഷം ശനിയാഴ്ചയാണ് സുരേഷ് ബാബു കൽപ്പറ്റ പോലീസിൽ പരാതി നൽകിയത്.
ജില്ലാ പോലീസ് മേധാവി ഡോ. അരുൾ ആർ.ബി കൃഷ്ണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

