സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിക്കും
തൃശ്ശൂർ : ഗവ. മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് ആരംഭിക്കാൻ ഉന്നതതല യോഗത്തിൽ തീരുമാനമായി. ഇതിനാവശ്യമായ 204 കോടി രൂപ കേന്ദ്രത്തിൽ നിന്നു നേടിയെടുക്കാൻ ശ്രമിക്കുമെന്ന് യോഗത്തിലെ അദ്ധ്യക്ഷ കൂടിയായ ആരോഗ്യമന്ത്രി കെ.കെ ശൈലജ. കേന്ദ്രഫണ്ട് ലഭിച്ചില്ലെങ്കിലും സംസ്ഥാന സർക്കാർ ഫണ്ട് കണ്ടെത്തി സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക് യാഥാർഥ്യമാക്കുമെന്ന് മന്ത്രി യോഗത്തിന് ഉറപ്പ് നൽകി.
മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 144.65 കോടിയുടെ ആദ്യഘട്ടവികസനം പൂർത്തിയായി. മെഡിക്കൽ കോളേജിൽ 43 കോടിയുടെ അക്കാദിക് ബ്ലോക്ക് പൂർത്തീകരിച്ചതായി മന്ത്രി കെ.കെ ശൈലജ അറിയിച്ചു. ന്യൂറോളജിസ്റ്റ് അടക്കം സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ ഒഴിവുള്ള ഡോക്ടർമാരുടെ തസ്തികകൾ നികത്തും.
നബാർഡ് ധനസഹായത്തോടെ പദ്ധതിക്ക് തുടക്കമിട്ടത്. പണി നടന്നുകൊണ്ടിരിക്കുന്ന ട്രോമാ സെന്ററിന്റെ നിർമ്മാണം മേയ് മാസത്തോടെ പൂർത്തീകരിക്കും. കാൻസർ വിഭാഗത്തിൽ ലീനിയർ ആക്‌സിലറേറ്റർ ഈ വർഷംതന്നെ സ്ഥാപിക്കാൻ നടപടിയെടുക്കും. കുട്ടികൾക്കുള്ള പ്രത്യേക ബ്ലോക്കിന്റെ പ്രവർത്തനം ഈ വർഷംതന്നെ തുടങ്ങും. മെഡിക്കൽ കോളേജ് ക്യാന്പസിലെ റോഡുകളുടെ മെക്കാഡം ടാറിടലും ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കലും മാർച്ചിൽ പൂർത്തിയാക്കും.
ആർദ്രം പദ്ധതി മാർച്ചിൽ തുടങ്ങും. പേവാർഡുകളുടെ പണി പൂർത്തീകരിച്ച് മേയ് മാസത്തിൽ രോഗികൾക്ക് തുറന്നുകൊടുക്കും. ഡോക്ടർമാർക്കും ജീവനക്കാർക്കും പരിശീലനത്തിനായി പുതിയ കേന്ദ്രം തുടങ്ങും. നഷ്ടപ്പെട്ട പി.ജി. സീറ്റുകളുടെ അംഗീകാരം നേടിയെടുക്കാൻ ശ്രമിക്കും. ഇതിനായി ഡോക്ടർമാരുടെ ഒഴിവുകൾ നികത്തും. ക്വാർട്ടേഴ്‌സുകൾ, ഹോസ്റ്റലുകൾ, കളിസ്ഥലം, ലക്ചർ ഹാൾ തുടങ്ങിയവയുടെ നിർമ്മാണം ഈ വർഷംതന്നെ പൂർത്തീകരിക്കും.
മാലിന്യ നിർമ്മാർജനത്തിനായി ഇൻസിനറേറ്റർ നിർമ്‍മിക്കും. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തുമായി സഹകരിച്ച് ജൈവമാലിന്യം സംസ്‌കരിക്കാനും യോഗത്തിൽ തീരുമാനമായി. മന്ത്രി എ.സി മൊയ്തീൻ, എം.പി മാരായ പി.കെ ബിജു, സി.എൻ ജയദേവൻ, എം.എൽ എമാരായ അനിൽ അക്കര, കെ.വി അബ്ദുൾ ഖാദർ, തുടങ്ങിയവർ പങ്കെടുത്തു.

