കാട്ടുതീ തടയാൻ മുന്നൊരുക്കവുമായി വനം വകുപ്പ്

ഇടുക്കി : വേനൽ കടുത്തതോടെ വിവിധയിടങ്ങളിൽ തീപ്പിടിച്ചതിൻ്റെ പശ്ചാത്തലത്തിൽ കാട്ടുതീഭീഷണി മുന്നിൽ കണ്ട് മുന്നൊരുക്കങ്ങളുമായി വനം വകുപ്പ്. അടിമാലിയിലെ കാടുകളുടെ സംരക്ഷണവും വന്യമൃഗങ്ങളുടെ സുരക്ഷയും കണക്കിലെടുത്ത് ഫയർലൈനുകൾ തെളിച്ചും ബോധവൽകരണ പരിപാടികൾ നടത്തിയുമാണ് വകുപ്പ് രംഗത്ത് എത്തിയിരിക്കുന്നത്.
വേനൽ കടുത്താൽ ഹൈറേഞ്ചിൽ ഏറ്റവും വലിയ ഭീഷണിയാണ് കാട്ടുതീ. ഇത്തവണ വേനൽ ആരംഭത്തിൽതന്നെ ചൂടും വരൾച്ചയും വർധിച്ചു. പുൽമേടുകളും ഉണങ്ങിക്കരിഞ്ഞു. ഈ സാഹചര്യത്തിലാണ് കാട്ടുതീ തടയാൻ മുന്നൊരുക്കം തുടങ്ങിയത്. വനമേഖലയിലെ അതിർത്തികൾ വെട്ടിത്തെളിച്ച് തീ പടർന്ന് കാട്ടിലേക്ക് കയാറുനുള്ള സാധ്യത ഇല്ലാതാക്കുന്നതിനുള്ള നടപടികൾക്കാണ് മുന്‍തൂക്കം നൽകിയിരിക്കുന്നത്. ഒപ്പം കാട്ടുതീ തടയുന്നതിന് പൊതുജനങ്ങളെക്കൂടി പങ്കാളികളാക്കുന്ന പ്രവർത്തനവും ഇത്തവണ നടത്തുന്നുണ്ട്. ഇതിനായി ഓരോ മേഖലയിലും വനംവകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണം നടത്തുന്നു. കൂടാതെ വനയോരമേഖലകളിൽ ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്.
കാട്ടുതീ ഉണ്ടായാൽ വിവരമറിയിക്കുന്നതിനുവേണ്ടി സ്ഥാപിച്ചിരിക്കുന്ന ബാനറുകളിൽ ഉദ്യോഗസ്ഥരുടെ നന്പരും രേഖപ്പെടുത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ മൂന്നാർ ഡിവിഷന് കീഴിൽ ഏക്കർ കണക്കിന് കൃഷിയിടവും വനമേഖലയും കാട്ടുതീയിൽ കത്തിയമർന്നിരുന്നു.