അപമാനിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടിച്ച സനുഷയ്ക്ക് ഡി.ജി.പിയുടെ അഭിനന്ദനം
തിരുവനന്തപുരം : ട്രെയിനിൽ തന്നെ ശല്യംചെയ്തയാൾക്കെതിരേ ശക്തമായി പ്രതികരിക്കാനും പ്രതിയെ പിടികൂടി പോലീസിലേൽപ്പിക്കാനും ധൈര്യംകാട്ടിയ യുവനടി സനുഷയ്ക്ക് പോലീസ് ആസ്ഥാനത്ത് സ്വീകരണം നൽകി. ഡി.ജി.പിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെ്ഹറ സനുഷയെ അനുമോഡിച്ചു. സഹയാത്രികർ നിഷ്ക്രിയരായി നോക്കിനിന്നപ്പോൾ പ്രതിസന്ധിഘട്ടത്തിൽ കാട്ടിയ ധൈര്യത്തിന് പോലീസിന്റെ സർട്ടിഫിക്കറ്റും ഡി.ജി.പി സനുഷയ്ക്ക് സമ്മാനിച്ചു.
സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യം നൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്ന് ഡി.ജി.പി സനുഷയോട് പറഞ്ഞു. ഇതൊരു തുടക്കമാണ്. ഇനിയും ഏറെ മുന്നോട്ടുപോകണം. സംസ്ഥാനത്ത് വനിതാസുരക്ഷ ഏറെ പ്രധാനപ്പെട്ടതാണ്. കുറ്റകൃത്യം നേരിടാൻ സനൂഷ കാട്ടിയ ധൈര്യം മാതൃകാപരമാണ്. ട്രെയിനിലുണ്ടായിരുന്ന രണ്ടുപേർ മാത്രമാണ് സനൂഷയെ സഹായിച്ചത്. കണ്ടുനിന്നവർക്കെതിരേ പ്രോസിക്യൂഷൻ പറ്റില്ലല്ലോ. പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ഡി.ജി.പി അഭ്യർത്ഥിച്ചു.
പോലീസിന്റെ പിന്തുണയ്ക്ക് സനുഷ നന്ദിപറഞ്ഞു. സ്വന്തംകാര്യം മാത്രം നോക്കുന്ന മനോഭാവം മാറ്റണം. പ്രശ്നങ്ങളുണ്ടാകുന്പോൾ സത്യത്തിന്റെ കൂടെ നിൽക്കണം. എല്ലാ സ്ത്രീകൾക്കും സമൂഹത്തിൽ സുരക്ഷിതമായി ജീവിക്കാൻ സാഹചര്യമുണ്ടാവണം. മോശമായ പെരുമാറ്റമുണ്ടായാൽ പ്രതികരിക്കാൻ മടികാട്ടരുതെന്നും സനുഷ പറഞ്ഞു. ബുധനാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള മാവേലി എക്സ്പ്രസിലെ എസി−എവൺ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന സനുഷയെ സഹയാത്രികനായ തമിഴ്നാട് വില്ലുകുറി സ്വദേശി ആന്റോ ബോസാണ് അപമാനിക്കാൻ ശ്രമിച്ചത്. സനൂഷയുടെ പരാതിയിൽ തൃശൂർ റെയിൽവേ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. എ.ഡി.ജി.പി ആനന്ദകൃഷ്ണൻ, ഐ.ജി ദിനേന്ദ്ര കശ്യപ്, സനുഷയുടെ മാതാപിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
