കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ നൽകിയേ തീരൂവെന്ന് ഹൈക്കോടതി
കൊച്ചി : കെ.എസ്.ആർ.ടി.സി പെൻഷൻ വിഷയത്തിൽ സർക്കാരിന് ശക്തമായ താക്കീതുമായി ഹൈക്കോടതി. വിരമിച്ച ജീവനക്കാർക്ക് കെ.എസ്.ആർ.ടി.സി പെൻഷൻ നൽകിയേ തീരുവെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പെൻഷൻ വിരമിച്ച തൊഴിലാളികളുടെ അവകാശമാണ്. പെൻഷൻ നിരാകരിക്കാനോ അനന്തമായി നീട്ടാനോ കെ.എസ്.ആർ.ടി സിക്ക് അവകാശമില്ലെന്നും ഉത്തരവിൽ കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിൽനിന്ന് വിരമിച്ചവരുടെ ഹർജി പരിഗണിച്ചു കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
ഹർജി പരിഗണിക്കുന്ന വേളയിൽ സംസ്ഥാന സർക്കാരും കെ.എസ്.ആർ.ടി.സിയും വെവ്വേറെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. സാന്പത്തിക ബാധ്യതയാണ് പെൻഷൻ കൃത്യമായി നൽകാൻ സാധിക്കാത്തതെന്നായിരുന്നു കെ.എസ്.ആർ.ടി.സി സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നത്.
എന്നാൽ, ജോലി ചെയ്യുന്ന കാലത്ത് രക്തവും വിയർപ്പം ഒഴുക്കിയ ജീവനക്കാരാണ് പെൻഷന് വേണ്ടി കാത്തിരിക്കുന്നത്. സാന്പത്തിക പ്രതിസന്ധി പെൻഷൻ നൽകാതിരിക്കാനോ നീട്ടിക്കൊണ്ടുപോകാനോ മതിയായ കാരണമല്ല എന്നും കോടതി നിർദേശിച്ചു.
2002ൽ പെൻഷൻ വിഷയം ഉയർന്ന സമയത്ത് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ദിവസ വരുമാനത്തിന്റെ 10 ശതമാനം ട്രഷറിയിൽ ഒരു പ്രത്യേക അക്കൗണ്ടിൽ അടയ്ക്കണമെന്ന് കെ.എസ്.ആർ.ടി.സിക്ക് നിർദേശം നൽകിയിരുന്നു. ജീവനക്കാർ വിരമിക്കുന്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകാനായി വേണം ഈ അക്കൗണ്ടിലെ പണം ഉപയോഗിക്കേണ്ടതെന്നും നിർദേശത്തിലുണ്ടായിരുന്നു. ആ നിർദേശം നടപ്പാക്കിയിരുന്നുവെങ്കിൽ ഇന്ന് ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമായിരുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.

