കസ്ഗഞ്ച് സംഘർഷത്തിൽ ഒരു മരണം, കടകൾക്കും വാഹനങ്ങൾക്കും തീവച്ചു
ലക്നൗ∙ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ബൈക്ക് റാലിക്കുനേരെ കല്ലേറു നടത്തിയതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശിലെ കസ്ഗഞ്ചിൽ ഒരു മരണം. മൂന്നു കടകളും രണ്ട് സ്വകാര്യ ബസുകളും ഒരു കാറും സംഘർഷത്തിൽ തകർന്നു. വാഹനങ്ങൾക്കു നേരെ പെട്രോൾ ഉപയോഗിച്ച് തീയിടാനും ശ്രമം. സമൂഹമാധ്യമങ്ങൾ വഴി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നത് ഒഴിവാക്കാൻ പടിഞ്ഞാറൻ യുപിയിൽ ഞായറാഴ്ച രാത്രി 10 മണിവരെ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
ചില സാമൂഹിക വിരുദ്ധർ പ്രദേശത്തെ മുസ്‌ലിം പള്ളിയുടെ ഗേറ്റ് തകർക്കാൻ ശ്രമിച്ചതായും അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് അനന്ത് കുമാർ വാർത്താ ഏജൻസിയായ പിടിഐയോട് അറിയിച്ചു. എന്നാൽ പൊലീസ് സമയത്ത് എത്തിയതോടെ ഇവർ ഓടി രക്ഷപ്പെട്ടെന്നും എഡിജിപി കൂട്ടിച്ചേർത്തു. സംഭവത്തിൽ രണ്ടുകേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഒന്‍പതുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറി അരവിന്ദ് കുമാർ അറിയിച്ചു. നാൽപ്പതോളം പേരെ കരുതൽ തടങ്കലിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

