13 കോടിയുടെ തട്ടിപ്പ് : ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി ദുബൈ കന്പനി
തിരുവനന്തപുരം : സി.പി.എം കേരള സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബൈയിൽ സാന്പത്തിക തട്ടിപ്പ് നടത്തിയെന്ന് പരാതി. 13 കോടി രൂപ തട്ടിച്ചുവെന്ന് കാണിച്ച് ദുബൈയിൽ പ്രവർത്തിക്കുന്ന ജാസ് ടൂറിസം എന്ന കന്പനിയാണ് പരാതിയുമായരംഗത്തെത്തിയിരിക്കുന്നത്. കന്പനി നൽകിയ പരാതിയുടെ പകർപ്പ് മാധ്യമങ്ങൾ ഇന്ന് പുറത്തുവിട്ടിരുന്നു.
ബിനോയിക്കെതിരെ കേസെടുക്കാൻ കന്പനി ഇന്ത്യൻ സർക്കാരിന്റെ സഹായം തേടി. ബിനോയിയെ അറസ്റ്റ് ചെയ്ത് കൈമാറണമെന്നാണ് ആവശ്യം. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോളിനെ സമീപിക്കാനും നടപടി തുടങ്ങി. കന്പനി അധികൃതർ വിഷയം സി.പി.എം പോളിറ്റ ബ്യൂറോയെ അറിയിച്ചുവെന്നും പണം നൽകാത്തപക്ഷം നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കിയെന്നുമാണ് സൂചന. ചവറ എം.എൽ.എ വിജയൻ പിള്ളയുടെ മകൻ ശ്രീജിത്തിനെതിരെയും പരാതിയിൽ പരാമർശമുണ്ട്.
ഹസൻ ഇസ്മയിൽ അബ്ദുല്ല അൽ മറൂഖി എന്നയാൾ തുടങ്ങിയ ജാസ് ടൂറിസം കന്പനിയിൽ മലയാളിയായ രാഹുൽ കൃഷ്ണൻ ഉൾപ്പെടെയുള്ളവർ പാർട്ണർമാരായിരുന്നു. മലയാളികളുടെ പരിചയം വെച്ച് ഈ കന്പനിക്ക് അക്കൗണ്ടുള്ള ബാങ്കുകളിൽ നിന്ന് ബിനോയ് കോടിയേരി വായ്പകൾ തരപ്പെടുത്തി. ഓഡി കാർ വാങ്ങുന്നതിനായി 3,13,200 യു.എ.ഇ ദിർഹമാണ് ആദ്യം വായ്പ എടുത്തത്. അതിന് ശേഷം 45 ലക്ഷം യു.എ.ഇ ദിർഹം വീണ്ടും വായ്പയെടുത്തു. യു.എ.ഇ, ഇന്ത്യ, സൗദി അറേബ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിലെ ബിസിനസുകൾക്കാണ് പിന്നീട് പണമെടുത്തത്. പണം വാങ്ങിയപ്പോൾ ഇവരുടെ ചെക്കുകൾ ഒരു ഉറപ്പിനായി കന്പനി വാങ്ങി വെച്ചിരുന്നു. പണം ബാങ്കിൽ തിരിച്ചടയ്ക്കാൻ വൈകിയപ്പോൾ ഇവരെ കന്പനി സമീപിക്കുകയായിരുന്നു. ഏതാനും വർഷങ്ങളായി വായ്പാ തിരിച്ചടവ് മുടങ്ങിക്കിടക്കുകയാണ്. പലതവണ ആവശ്യപ്പെട്ടിട്ടും കേൾക്കാതെ വന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. 2016 ജൂൺ ഒന്നിനു മുൻപ് പണം തിരിച്ചുനൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. എന്നാൽ കാർ വായ്പയുടെ തിരിച്ചടവ് ഇടയ്ക്കുവച്ചു നിർത്തി. അടയ്ക്കാൻ ബാക്കിയുണ്ടായിരുന്ന 2,09,704 ദിർഹവും ബാങ്ക് പലിശയും കോടതിച്ചെലവും ചേർത്താണ് മൊത്തം 13 കോടി രൂപയുടെ കണക്ക്.

