കാലിത്തീറ്റ കുംഭകോണം : ലാലുവിന് അഞ്ച് വർഷം തടവ്
റാഞ്ചി : കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട മൂന്നാമത്തെ കേസിൽ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവ്. റാഞ്ചിയിലെ സി.ബി.ഐ കോടതിയുടേതാണ് വിധി. കൂട്ടുപ്രതിയും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ജഗന്നാഥ് മിശ്രയ്ക്കും അഞ്ച് വർഷം തടവ് ശിക്ഷ ലഭിച്ചു. ഇരുവരും അഞ്ച് ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം.
കാലിത്തീറ്റ വിതരണത്തിനെന്ന പേരിൽ ചായ്ബസ ട്രഷറിയിൽ നിന്നും 34 കോടി രൂപ പിൻവലിച്ച കേസിലാണ് ഇന്ന് വിധി വന്നത്. ലാലു പ്രസാദ് യാദവ് മുഖ്യമന്ത്രിയായിരിക്കെ ആയിരുന്നു ഈ തിരിമറി നടന്നത്. 900 കോടി രൂപയുടെ തട്ടിപ്പ് നടന്ന കാലിത്തീറ്റ കുംഭകോണത്തിലെ ആറ് കേസുകളിലാണ് ലാലു പ്രതിയായത്. ആദ്യകേസിൽ അഞ്ച് വർഷത്തെയും രണ്ടാമത്തെ കേസിൽ മൂന്നര വർഷത്തെയും ശിക്ഷ ലാലു അനുഭവിച്ച് വരികയാണ്. റാഞ്ചിയിലെ ബിർസ മുണ്ട ജയലിലാണ് ലാലു ഇപ്പോൾ.

