കൊച്ചി നഗരത്തിൽ മൂന്നിടത്ത് തീപിടിത്തം
കൊച്ചി : കൊച്ചി നഗരത്തിൽ മൂന്നിടങ്ങളിൽ തീപിടിത്തമുണ്ടായി. ഇന്നലെ രാവിലെ 10ന് തേവര അലക്സാണ്ടർ പറന്പിത്തറ പാലത്തിനടുത്തുള്ള അഞ്ച് ഏക്കറോളം വരുന്ന പറന്പിലെ ഉണങ്ങിയ പുല്ലിന് തീ പടർന്നുപിടിച്ച് മറ്റ് സ്ഥലങ്ങളിലേക്കുകൂടി പടരുകയായിരുന്നു. തൊട്ടടുത്തെ പക്വാര ടയർ കന്പനിക്കു സമീപത്തേക്ക് തീ പടർന്നത് പരിഭ്രാന്തിക്കിടയാക്കി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ കെടുത്തുകയായിരുന്നു.
ബോൾഗാട്ടി ജംഗ്ഷനിലെ റോഡരികിലെഉണങ്ങിയ പുല്ലിനും തീപിടിച്ചു. സമീപത്ത് ഉപേക്ഷിക്കപ്പെട്ടനിലയിൽ കാടുമൂടി കിടന്ന കണ്ടെയ്നർ ലോറിയിലേക്കും തീ വ്യാപിച്ചു. ഇന്നലെ വൈകുന്നേരം 5.30 ഓടെയായിരുന്നു സംഭവം. ഫയർഫോഴ്സ് എത്തി തീ അണച്ചു.
ഇന്നലെ രാവിലെ 11.30ന് ഇടപ്പള്ളി ചന്ദ്രയിൽ റോഡിരികിൽ പറന്പിലും തീ പിടിച്ചു. ഫയർഫോഴ്സ് എത്തുന്പോഴേക്കും തീ അണഞ്ഞിരുന്നു. ചവറ് കൂട്ടി തീയിട്ടതാണ് വിവിധയിടങ്ങളിലെയും തീപിടിത്തത്തിന് കാരണമെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.

