റമ്മി കളിക്കാൻ പണം കണ്ടെത്താൻ കുടുംബത്തോടൊപ്പം മുക്കുപണ്ടം പണയം വെച്ച് അരക്കോടിയിലധികം തട്ടിപ്പ്; പോലീസുകാരൻ അറസ്റ്റിൽ
ശാരിക
തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്കാനുള്ള പണത്തിനായി കുടുംബത്തോടൊപ്പം ചേർന്ന് ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച് 52.89 ലക്ഷം രൂപ തട്ടിയ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. മണ്ണന്തല പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ അഖിൽ രാജാണ് പിടിയിലായത്. സംഭവത്തിൽ അഖിൽ രാജിന്റെ ഭാര്യ അനഘ, അമ്മ, കൂടാതെ തട്ടിപ്പിന് ഒത്താശ ചെയ്ത കാനറ ബാങ്കിലെ അപ്രൈസർ വിജയകുമാർ എന്നിവരും പ്രതികളാണ്.
സ്ഥിരമായി ഓൺലൈൻ റമ്മി കളിച്ചിരുന്ന അഖിൽ രാജ് പണം തികയാതെ വന്നതോടെയാണ് കുടുംബാംഗങ്ങളെക്കൂടി ഉൾപ്പെടുത്തി ബാങ്ക് തട്ടിപ്പ് ആസൂത്രണം ചെയ്തത്. നാലാഞ്ചിറയിലെ കാനറ ബാങ്ക് ശാഖയിൽ ബാങ്ക് അപ്രൈസറായ വിജയകുമാറിനെ സ്വാധീനിച്ച്, വ്യാജ സ്വർണം യഥാർത്ഥ സ്വർണമാണെന്ന് സാക്ഷ്യപ്പെടുത്തിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്.
വിവിധ ദിവസങ്ങളിലായി കഴിഞ്ഞ മാർച്ച് മാസത്തിൽ 18 ലക്ഷം രൂപയും ജൂലൈയിൽ 20 ലക്ഷം രൂപയും മറ്റൊരു ഘട്ടത്തിൽ 14 ലക്ഷം രൂപയുമാണ് സംഘം ബാങ്കിൽ നിന്ന് കൈപ്പറ്റിയത്. പിന്നീട് ബാങ്കിൽ നടന്ന ആന്തരിക പരിശോധനയിലാണ് മുക്കുപണ്ടം പണയം വെച്ചുള്ള തട്ടിപ്പ് വിവരങ്ങൾ പുറത്തുവരുന്നത്. തുടർന്ന് ബാങ്ക് മാനേജർ മണ്ണന്തല പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഒക്ടോബർ ആറിന് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്യുകയായിരുന്നു.
asdasd

