ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ വിവാദ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ശാരിക
തിരുവനന്തപുരം: ബേക്കറികൾ വഴി ഹോർട്ടി വൈൻ വിൽക്കാൻ അനുമതി നൽകിയ ഉത്തരവ് റദ്ദാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സർക്കാരിന്റെ മുൻകൂർ അനുമതി തേടാതെയാണ് ഈ ഉത്തരവ് പുറത്തിറങ്ങിയത്. വിവാദമായ ഈ ഉത്തരവിൽ എക്സൈസ് മന്ത്രി എം. ലിജുവും കടുത്ത അതൃപ്തി രേഖപ്പെടുത്തുകയും എക്സൈസ് കമ്മീഷണറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ബേക്കറി വഴി വൈൻ വിതരണം ചെയ്യുന്ന കാര്യം താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നാണ് മന്ത്രി വ്യക്തമാക്കിയത്.
അതേസമയം, നിയമപരമായ ചട്ടങ്ങൾ പാലിച്ചാണ് നടപടിയെന്നാണ് എക്സൈസ് കമ്മീഷണറേറ്റിന്റെ വിശദീകരണം. മുൻ സർക്കാരിന്റെ കാലത്ത് സമർപ്പിച്ച അപേക്ഷയിലാണ് ഇപ്പോൾ ഉത്തരവിറങ്ങിയത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഹോർട്ടി വൈൻ വിൽപനയ്ക്കുള്ള ലൈസൻസ് അനുവദിച്ചിരുന്നു. 10,000 രൂപ വാർഷിക ഫീസ് അടച്ച് സ്ഥാപനങ്ങൾക്ക് ലൈസൻസ് നേടാമെന്നും, വിൽപനയിലൂടെ 20 ശതമാനം കമ്മീഷൻ ലഭിക്കുമെന്നുമായിരുന്നു വ്യവസ്ഥ. നിലവിൽ 86 ശതമാനമുള്ള നികുതി ഘടനയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ട് സംരംഭകരും സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സാധാരണ വ്യാപാര സ്ഥാപനങ്ങൾ വഴി വൈൻ വിൽക്കുന്നത് സമൂഹത്തിൽ വലിയ പ്രതിഷേധത്തിന് കാരണമാകുമെന്ന ആശങ്കയും ഉയർന്നിരുന്നു. ഉത്തരവിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
ോേ്ോേ്

