കരുണാകരൻ നക്സലൈറ്റുകളെ അടിച്ചമർത്തിയ ഏക ഭരണാധികാരിയെന്ന് ഉമ്മൻചാണ്ടി
പേരൂർക്കട : നക്സലൈറ്റുകളെ അടിച്ചമർത്തിയ ഇന്ത്യയിലെ ഏക ഭരണാധികാരിയായിരുന്നു കെ.കരുണാകരനെന്നും കരുണാകരൻ എന്ന ആഭ്യന്തര മന്ത്രി ഇല്ലായിരുന്നെങ്കിൽ നക്സലൈറ്റുകൾ കേരളത്തിൽ വേര് ഉറപ്പിക്കുമായിരുന്നെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. കെ.കരുണാകരൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി കുടപ്പനക്കുന്നിൽ സംഘടിപ്പിച്ച കരുണാകരൻ ചരമവാർഷിക ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.
കെ.മുരളീധരൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. നടൻ ജഗദീഷ്, ഡി.സി.സി പ്രസിഡണ്ട് നെയ്യാറ്റിൻകര സനൽ, മുൻ ഡി.സി.സി പ്രസിഡണ്ടുമാരായ കെ.മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂർ, സൊസൈറ്റി ഭാരവാഹികളായ വൈ.ചന്ദ്രൻ, ബി.സുബാഷ്, റജി കെ.ജേക്കബ്, ജോഷി കെ.ഡാർവിൻ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ചികിത്സാ സഹായം, വിദ്യാഭ്യാസ അവാർഡ്, ഭക്ഷ്യധാന്യം എന്നിവ വിതരണം ചെയ്തു.

