മലപ്പുറത്ത് 3.30 ലക്ഷം കുട്ടികൾ വാക്സിനേഷന് പുറത്ത്
മലപ്പുറം : ജില്ലയിൽ 3.30 ലക്ഷം കുട്ടികൾ മീസിൽസ് −റുബെല്ല വാക്സിനേഷൻ പുറത്തുനിൽക്കുന്നു. ഇതിൽ രണ്ട് ലക്ഷം കുട്ടികൾക്കെങ്കിലും സമയപരിധിയായ ഈ മാസം 26നകം വാക്സിനേഷൻ നൽകാനുളള തീവ്രയജ്ഞത്തിലാണ് ജില്ലാ ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ഇന്ന് വാർഡംഗങ്ങൾ, ആശാ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തും.
പ്രാദേശിക നേതൃത്വങ്ങൾ തന്നെ രംഗത്തിറങ്ങുന്നത് വഴി വാക്സിനേഷൻ സംബന്ധിച്ച സംശയങ്ങൾ ഫലപ്രദമായി ഇല്ലാതാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും. ആകെയുളള 12.41 ലക്ഷം കുട്ടികളിൽ 9.10 ലക്ഷം പേർക്ക് ഇതിനകം വാക്സിൻ നൽകി. കുത്തിവയ്പ്പ് 76.5 ശതമാനമാണ്. ഒന്പത് മാസം പൂർത്തിയായതും പത്താം ക്ലാസ് വരെയുമുളള എല്ലാ കുട്ടികൾക്കും വാക്സിനേഷൻ നൽകണം. സമയപരിധി അവസാനിച്ചാലും വാക്സിനേഷൻ നടപടികൾ തുടരും. രണ്ട് ലക്ഷം കുട്ടികൾക്ക് കൂടി നൽകാൻ കഴിയുന്നതോടെ വാക്സിനേഷൻ ശതമാനത്തിൽ മുന്നിലെത്താനാവും.

