ക്രിസ്മസ് പുതുവത്സരാഘോഷം ലഹരിമുക്തമാക്കാൻ നടപടികൾ ശക്തമാക്കി
പാലക്കാട് : പാലക്കാട് ജില്ലയിൽ ക്രിസ്മസ് പുതുവത്സരാഘോഷം ലഹരിമുക്തമാക്കാൻ നടപടികൾ ശക്തമാക്കി. വ്യാജമദ്യം, കഞ്ചാവ്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം തടയാനായി പോലീസ്, എക്സൈസ്, വനം, റവന്യൂ വകുപ്പുകൾ കർശന നടപടിയെടുക്കും. കലക്ടർ സുരേഷ്ബാബുവിന്റെ ചേംബറിൽ ലഹരിവ്യാപനം തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് തീരുമാനം.
പരാതികൾ അറിയിക്കാൻ കലക്ടറേറ്റിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കണ്‍ട്രോൾറൂം പ്രവർത്തനമാരംഭിച്ചു കഴിഞ്‍ഞു. ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ കണ്‍ട്രോൾറൂംമിൽ അറിയിക്കാവുന്നതാണ്.
ഇതിൻ്റെ ഭാഗമായി ചെക്ക്പോസ്റ്റുകളിലും ഊടുവഴികളിലും വാഹന പരിശോധന കർശനമാക്കും. സ്കൂൾ കോളേജ് പരിസരങ്ങൾ, വിനോദ സഞ്ചാരകേന്ദ്രങ്ങൾ, ഹോട്ടലുകൾ, എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കും. പോലീസ്, എക്സൈസ്, വനം, റവന്യൂ വകുപ്പുകളുടെ താലൂക്ക്തല സംയുക്ത സ്ക്വാഡ് രൂപീകരിച്ച് ക്രിസ്മസ്പുതുവത്സരാഘോഷങ്ങളെ ലഹരിമുക്തമാക്കാൻ നടപടി കൾ സ്വീകരിക്കും.

