പുതുവൈപ്പ് പദ്ധതി : തടസ്സമില്ലെന്ന് ഹരിത ട്രൈബ്യൂണൽ
കൊച്ചി : പുതുവൈപ്പിലെ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പ്ലാന്റ് നിർമ്മാണം നിർത്തിവയ്ക്കണമെന്ന സമരസമിതിയുടെ ഹർജി തള്ളി ഹരിത ട്രൈബ്യൂണൽ. പുതുവൈപ്പ് ഐഒസി പ്ലാന്‍റിലെ ടാങ്ക് നിർമ്മാണത്തിനും ടെർമിനൽ നിർമ്മാണത്തിനും തടസ്സമില്ലെന്ന് ഹർജി തള്ളിയ ശേഷം ഹരിത ട്രൈബ്യൂണൽ അറിയിച്ചു. തീരദേശ നിയമങ്ങൾ ലംഘിച്ചുള്ള നിർമ്മാണങ്ങൾ തടയണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ സമർപ്പിച്ച ഹർജികളിലാണു ജസ്റ്റിസ് ശശിധരൻ നന്പ്യാർ വിധി പറഞ്ഞത്.
പദ്ധതിയുമായി സർക്കാരിനുമുന്നോട്ടുപോകാം. അപകട ഭീഷണി ഉയർത്തുന്നതാണ് പദ്ധതിയെന്ന സമരക്കാരുടെ ആരോപണത്തിനു കഴന്പില്ലെന്ന് ട്രൈബ്യൂണൽ വിലയിരുത്തി. കരയിടിച്ചിൽ തടയാൻ വിദഗ്ദ്ധരുടെ നിർദേശങ്ങൾ നടപ്പാക്കണം. വേലിയേറ്റ മേഖല രേഖപ്പെടുത്തിയ 1996ലെ തീരദേശ ഭൂപടം നിലനിൽക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു.
അതേസമയം, പദ്ധതി അനുവദിക്കില്ലെന്ന് പുതുവൈപ്പ് സമരസമിതി അറയിച്ചു. ജീവിക്കാനുള്ള അവകാശത്തിനാണ് സമരം. മരിക്കേണ്ടി വന്നാലും എൽഎൻജി ടെർമിനലിനെതിരായ സമരം തുടരുമെന്ന് സമരക്കാർ വ്യക്തമാക്കി.
പുതുവൈപ്പിലെ ഐഒസി പ്ലാന്‍റിലെ ടാങ്ക് നിർമ്മാണവും ടെർമിനൽ നിർമ്മാണവും തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. 1996ലെ തീരദേശ ഭൂപടപ്രകാരമുള്ള വേലിയേറ്റമേഖലയിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നും അതിലൂടെ പാരിസ്ഥിതിക നാശവും തീര ശോഷണവും സംഭവിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികളായ മുരളി, രാധാകൃഷ്ണൻ എന്നിവർ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചത്. കേന്ദ്രസർക്കാർ പാരിസ്ഥിതികാനുമതി നൽകിയപ്പോൾ മുന്നോട്ടുവച്ച വ്യവസ്ഥകൾ പാലിച്ചില്ലെന്നും ഹർജികളിൽ ചൂണ്ടിക്കാട്ടിയിരുന്നു.
എന്നാൽ പാരിസ്ഥിതികാനുമതിക്കായി പിന്നീടു തയ്യാറാക്കിയ തീരദേശ ഭൂപടപ്രകാരം വേലിയേറ്റ രേഖ ലംഘിച്ചില്ല എന്നാണ് ഐഒസി പറയുന്നത്. നേരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ താത്കാലികമായി ഹരിത ട്രൈബ്യൂണൽ തടഞ്ഞിരുന്നു. പിന്നീട് ഐഒസി ഹൈക്കോടതിയെ സമീപിച്ചു പ്രവർത്തനാനുമതി നേടുകയായിരുന്നു.

