കൈയേറ്റക്കാരുടെ തലവനാണെന്നുള്ള പ്രസ്താവന തെറ്റെന്ന് മന്ത്രി
മൂന്നാർ: താൻ കൈയേറ്റക്കാരുടെ തലവനാണെന്നുള്ള സി.പി.ഐ നേതാക്കളുടെപ്രസ്താവന തെറ്റെന്ന് മന്ത്രി എം.എം മണി. വൈദ്യുതി വകുപ്പിനുകീഴിലുള്ള പഴയ മൂന്നാറിലെ ഹൈഡൽ പാർക്കിൽ ആരംഭിച്ച മൂന്നാർ−ശീതകാല പുഷ്പമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പാരന്പര്യമായി ലഭിച്ച 42 സെന്റ് ഭൂമിയുടെ തലവനാണ് താനെന്നും അത് ആർക്കും എപ്പോൾ വേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. കൈയേറ്റക്കാർക്കും കൈയേറ്റങ്ങൾക്കും അനുകൂലമായി ഇന്നുവരെ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല.
സർക്കാർ ഭൂമി സർക്കാരിൽ തന്നെ നിക്ഷിപ്തമാകണമെന്നാണ് തൻ്റെ നിലപാട്. കയ്യേറ്റങ്ങൾക്ക് കൂട്ടുനിൽക്കുന്നത് തന്റെ രാഷ്ട്രീയ പാരന്പര്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. എസ്.രാജേന്ദ്രൻ, ഹൈഡൽ ടൂറിസം ഡയറക്ടർ കെ.ജെ.ജോസ്, വൈദ്യുതി വകുപ്പ് എക്‌സി. എഞ്ചിനീയർ പി.എൻ.ബിജു തുടങ്ങിയവർ സംസാരിച്ചു.
മൂന്നാറിൽ കെ.എസ്.ഇ.ബിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഹൈഡൽ ടൂറിസവും, കുമളി മണ്ണാറത്തറയിൽ ഗാർഡൻസും സംയുക്തമായാണ് 20 ദിവസം നീളുന്ന പുഷ്പമേള സംഘടിപ്പിച്ചിരിക്കുന്നത്. 500ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് മേള മൈതാനിയിൽ ഒരുക്കിയിട്ടുള്ളത്. വിവിധ വർണങ്ങളിലുള്ള പൂക്കൾ മേള സന്ദർശിക്കാനെത്തുന്ന സഞ്ചാരികളുടെ മനം കുളിർപ്പിക്കും. സ്റ്റാളുകൾ എല്ലാം മേളയ്ക്ക് കൊഴുപ്പേകുന്നതാണ്. രാവിലെ 9ന് തുടങ്ങി രാത്രി 9 വരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 30 രൂപയുമാണ് നിരക്ക്. പുഷ്പമേള ജനുവരി 10−ന് അവസാനിക്കും.

