രാജ്യാന്തര നിലവാരമുള്ള മെഡിക്കൽ ഉപകരണ നിർമ്മാണ പാർക്ക് വരുന്നു
കഴക്കൂട്ടം : പള്ളിപ്പുറം തോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള മെഡിക്കൽ ഉപകരണനിർമ്മാണ പാർക്ക് വരുന്നു. കേന്ദ്ര, സംസ്ഥാന സഹായത്തോടെ 180 കോടി രൂപ മുടക്കിയാണ് പാർക്ക് സ്ഥാപിക്കുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതികവകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ശ്രീചിത്തിരതിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയും കേരളസംസ്ഥാന വ്യവസായവികസന കോർപ്പറേഷനുമായി ചേർന്നാണ് മെഡിക്കൽ പാർക്ക് നിർമ്മിക്കുന്നത്.
ഇതിന്റെഭാഗമായി ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഉപകരണ പാർക്ക് സ്ഥാപിക്കുതിന് ഇരുവരും ധാരണാപത്രത്തിൽ ഒപ്പ് വെച്ചു. മെഡിക്കൽ ഉപകരണങ്ങൾ വികസിപ്പിക്കുക എന്നതാണ് ഉപകരണ പാർക്കിന്റെ പ്രധാന ലക്ഷ്യം. ബയോമെറ്റീരിയലുകളും മെഡിക്കൽ ഉപകരണങ്ങളും പരിശോധിച്ച് അതിന്റെ ഗുണനിലവാരം നിർണയിക്കാനുള്ള സംവിധാനവും ഉണ്ടാകും.
ഈ മേഖലയിലെ ഗവേഷണവും പാർക്കിൽ നടക്കും. രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനങ്ങൾക്ക് ഇവിടത്തെസൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. മെഡിക്കൽ ഉപകരണങ്ങളുടെ പരിശോധനയ്ക്കും ഗുണനിലവാര നിർണയത്തിനുമുള്ള അന്തർദേശീയ അംഗീകാരമുള്ള കേന്ദ്രമാക്കി പാർക്കിനെ മാറ്റാനാണ് ഉദ്ദേശ്യം. മെഡിക്കൽ ഉപകരണരംഗത്തെ വിജ്ഞാനകേന്ദ്രം, സ്റ്റാർട്ടപ്പ് കന്പനികളെയും, ചെറുകന്പനികളെയും മുന്‍നിരയിൽ കൊണ്ടുവരുന്നതിന് ടെക്‌നോളജി ഇൻകുബേഷൻ സെന്റർ തുടങ്ങിയവയും സ്ഥാപിക്കും. ടെക്‌നോസിറ്റി, നോളജ് സിറ്റി എന്നിവയുടെ സമീപത്തായാണ് ലൈഫ് സയൻസ് പാർക്കിൽ മെഡിക്കൽ ഉപകരണ പാർക്ക് വരുന്നത്.

