സംസ്ഥാനത്ത് കേക്കു വിപണി സജീവം
തൊടുപുഴ : ക്രിസ്മസ് ആഘോഷത്തിന് മാറ്റുകൂട്ടാൻ കേക്കു വിപണി സജീവമായി. വർണ വൈവിധ്യം നിറഞ്ഞ രുചികരമായ ക്രിസ്മസ് കേക്കുകൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ബേക്കറികളിൽ നിറഞ്ഞു കഴിഞ്ഞു. വ്യത്യസ്ത രുചിക്കൂട്ടുകളും അലങ്കാരങ്ങളുമാണ് ഇത്തരം കേക്കുകളുടെ പ്രത്യേകത. എങ്കിലും സാധാരണക്കാർക്കായുള്ള മാർബിൾ, പ്ലം കേക്കുകളാണ് വിൽപ്പനയിൽ മുൻപന്തിയിൽ.
റിച്ച് പ്ലം കേക്ക്, സെലിബ്രേഷൻ പ്ലം കേക്ക് എന്നിവയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഫ്രഷായി ലഭിക്കുന്ന ക്രീം കേക്കുകളാണ് വിപണിയിലെ ആകർഷണം. ബേക്കറിയിലെത്തിയാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കേക്കു നിർമ്മിച്ചു നൽകും. ഓറഞ്ച്, ബട്ടർ സ്കോച്ച്, ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, ബ്ലുബെറി, കാരറ്റ് കേക്ക്, കാരറ്റ് ഈന്തപ്പഴം കേക്ക്, ചോക്ലേറ്റ്, വാനില എന്നീ രുചികളിലുള്ള കേക്കുകൾ വിപണിയിൽ വിൽപ്പനയ്ക്കുണ്ട്. പ്രമേഹ രോഗമുള്ളവർക്ക് ഷുഗർ ഫ്രീ കേക്കുകളും നിലവിലുണ്ട്.
തൂക്കം അനുസരിച്ച് കിലോക്ക് 300 രൂപ മുതൽ 1500 രൂപ വരെയാണ് കേക്കിന് വില. മാർബിൾ, പ്ലംകേക്കുകൾ അരകിലോ പായ്ക്കറ്റ് 180 രൂപയ്ക്കു ലഭിക്കും. സാന്താക്ലോസും ക്രിസ്മസ് ട്രീയും കാർട്ടൂൺ കഥാപാത്രങ്ങളും ഐസിംഗിലൂടെ ഇത്തരം കേക്കുകളെ ആകർഷമാക്കും. ഇനി ക്രിസ്മസ് −പുതുവൽസരം വരെയുള്ള ദിവസങ്ങളിൽ കേക്ക് വിപണി സജീവമായിരിക്കും. എന്നാൽ സാധാരണ ക്രിസ്മസ് കാലത്തുള്ള വിൽപ്പന ആയിട്ടില്ലെന്നാണ് കടയുടമകൾ പറയുന്നത്. ജി.എസ്.ടിയും നിർമ്മാണ സാമഗ്രികളുടെ വിലക്കൂടുതലും ഇത്തവണ കേക്ക് നിർമ്മാണത്തെ സാരമായി ബാധിച്ചു. എങ്കിലും ക്രിസ്മസ് ആഘോഷത്തിന്‍റെ പ്രധാന വിഭവമായ കേക്കുകളുടെ വിൽപ്പന വരും ദിനങ്ങളിലും സജീവമാകും.

