ഓഖി : 25 തിരച്ചിൽ ബോട്ടുകൾ മുനയ്ക്കക്കടവ് ഹാർബറിൽ
ചാവക്കാട് : ഓഖി ചുഴലിക്കാറ്റിൽ കടലിൽ കാണാതായവർക്കായി തിരച്ചിൽ നടത്തുന്ന 25 ബോട്ടുകൾ മുനയ്ക്കക്കടവ് ഹാർബറിലെത്തി. ഇന്നലെ വൈകീട്ടോടെയാണ് ബോട്ടുകൾ ഹാർബറിലെത്തിയത്. മുനയ്ക്കകടവ് തീരദേശ പോലീസ് എസ്.ഐ പോൾസന്റെ നേതൃത്വത്തിൽ ബോട്ടുകളിലെത്തിയ തിരച്ചിൽ സംഘത്തെ സ്വാഗതം ചെയ്തു. മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന തിരച്ചിൽ സംഘത്തിലെ ബോട്ടുകളിൽ ഒന്നൊഴികെ ബാക്കിയെല്ലാം മത്സ്യത്തൊഴിലാളികളുടേതാണ്. 35 മുതൽ 100 നോട്ടിക്കൽ മൈൽ വരെ ദൂരപരിധിയിലാണ് കടൽ അരിച്ചുപെറുക്കി സംഘം തിരച്ചിൽ നടത്തിയത്. 26 ബോട്ടുകളാണുണ്ടായിരുന്നതെങ്കിലും ഒരെണ്ണം തകരാറിലായതിനെത്തുടർന്ന് കൊച്ചിയിൽ അടുപ്പിച്ചു.
മറൈൻ എൻഫോഴ്‌സ്‌മെന്റിന്റേതിലൊഴികെ മറ്റ് ബോട്ടുകളിലെല്ലാം മത്സ്യത്തൊഴിലാളികളാണ് തിരച്ചിലിന് നേതൃത്വം നൽകിയത്. ഇന്ന് ഇവർ കൊല്ലത്തേക്ക് മടങ്ങുന്നു. മടക്കയാത്രയിൽ കടലിൽ തിരച്ചിൽ നടത്താത്ത മറ്റ് ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ബോട്ടുകൾ സഞ്ചരിക്കുകയെന്ന് തീരദേശ പോലീസ് പറഞ്ഞു. മത്സ്യത്തൊഴിലാളികൾ, ലത്തീൻസഭ, ബോട്ടുടമകൾ എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയെത്തുടർന്നാണ് 18 മുതൽ 22 വരെ 200 സ്വകാര്യ മത്സ്യബന്ധനബോട്ടുകൾ ഉപയോഗിച്ച് കടൽ അരിച്ചുപെറുക്കിയുള്ള തിരച്ചിൽ നടത്താൻ തീരുമാനിച്ചത്.
കൊല്ലം മുതൽ ഗോവവരെ അഞ്ച് മേഖലകളായിത്തിരിച്ചാണ് തിരച്ചിൽ നടത്തിയത്. ഇതിൽ കൊല്ലം മുതൽ ചേറ്റുവവരെ തിരച്ചിൽ നടത്തുന്ന സംഘമാണ് മുനയ്ക്കക്കടവ് ഹാർബറിലെത്തിയത്.

