മലപ്പുറത്ത് കാൽലക്ഷത്തോളം അനധികൃത റേഷൻ കാർഡുകൾ
മലപ്പുറം : ജില്ലയിൽ 24,691 പേർ അനധിക്യതമായി റേഷൻ കാർഡുകൾ കൈവശം വച്ചതായി സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. ഇതിൽ 6,602 പേർ സർക്കാർ ജീവനക്കാരാണ്. 2,034 പെൻഷൻ ഗുണഭോക്താക്കൾ, മറ്റു വിഭാഗത്തിൽ പെട്ടവരായി 16,058 പേർ എന്നിവരെയും കണ്ടെത്തിയിട്ടുണ്ട്. മറ്റ് വിഭാഗത്തിൽ പെട്ടവരിലാണ് ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്നവരുള്ളതായി കണ്ടെത്തിയിരിക്കുന്നത്.
ജില്ലയിൽ മോട്ടോർ വാഹന വകുപ്പിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആഡംബര കാറുകൾ കൈവശം വച്ചവരും മുൻഗണന റേഷൻ കാർഡുകൾ ഉപയോഗിക്കുന്നതായി സിവിൽ സപ്ലൈസ് വകുപ്പ് കണ്ടെത്തി. ഇവർക്കെതിരെ പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസർ എൻ.ജ്ഞാനപ്രകാശ് അറിയിച്ചു. കാർഡുകൾ അനധികൃതമായി കൈവശം വച്ച മുഴുവൻ പേരിൽ നിന്നും പിഴയും വാങ്ങിയ സാധനത്തിന്റെ വിലയും വാങ്ങും. ഇതിനു പുറമൈ നിയമ നടപടിയും ഉണ്ടാവും.
ബെൻസ്, സ്കോഡ, ഇന്നോവ, സ്കോർപ്പിയോ തുടങ്ങിയ ആഡംബര വാഹനങ്ങൾ സ്വന്തമായി ഉള്ളവരാണ് എ.എ.വൈ, മുൻഗണനാ റേഷൻ കാർഡുകൾ അനധികൃതമായി കൈവശം വച്ചിരിക്കുന്നതായി പരിശോധനയിൽ കണ്ടെത്തിയത്. ഈ കാർഡുടമകൾക്കെതിരെ എൻ.എഫ്.എസ്.എ നടപ്പാക്കിയ 2016 നവംബർ മുതൽ അന്യായമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ പിഴ ഉൾപ്പെടെയുള്ള ഇക്കണോമിക് നിരക്കിലെ തുക ഈടാക്കുന്നതിന് അടിയന്തിര നടപടികൾ ഭക്ഷ്യവകുപ്പ് നടപ്പാക്കും. അനധികൃതമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചവർക്കെതിരെ പ്രോസിക്യൂഷൻ നടപടികൾ, റേഷൻ കാർഡ് കണ്ടുകെട്ടൽ, പിഴ ഈടാക്കൽ തുടങ്ങിയ കർശന നടപടികൾ വകുപ്പ് സ്വീകരിക്കും.
മുൻഗണനാ പട്ടികയിൽ ഇടം നേടാൻ അർഹതയില്ലാതെ മുൻഗണനാ റേഷൻ കാർഡ് കൈവശം വച്ചിട്ടുള്ള കേന്ദ്ര − സംസ്ഥാന സർക്കാർ ജീവനക്കാർ, സർക്കാർ / എയ്ഡഡ് സ്കൂൾ അധ്യാപകർ, പൊതുമേഖലാ ജീവനക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ, ബാങ്ക് ജീവനക്കാർ, സർവ്വീസ് പെൻഷണർമാർ, ആദായ നികുതി നൽകുന്നവർ, നാലു ചക്ര വാഹനമുള്ളവർ, ഒരു ഏക്കറിൽ കൂടുതൽ ഭൂമിയുള്ളവർ, 1000 സ്ക്വയർ ഫീറ്റിന് മുകളിൽ വീടുള്ളവർ, 25000 രൂപ പ്രതിമാസ വരുമാനമുള്ളവർ എന്നിവർക്കെതിരെ ഇനിയൊരറിയിപ്പില്ലാതെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

